ട്രെയിൻ ഇരുപതിനായിരം; എൻജിൻ ഡ്രൈവർക്ക് ശുചിമുറി 49 ൽ മാത്രം



തിരുവനന്തപുരം > ലോക്കോ പൈലറ്റ് ജോലി ആതിരയുടെ (പേര്‌ യഥാർഥമല്ല) സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം സഫലമായതിന്റെ സന്തോഷം ഇന്ന്‌ അവൾക്കില്ല. അടിക്കടി മൂത്രാശയ അണുബാധ അനുഭവിക്കുന്ന നിരവധി റെയിൽവേ എൻജിൻ ഡ്രൈവർമാരിൽ ഒരുവളാണ്‌ അവളും. വേറെ ജോലി ലഭിച്ചാൽ ഇതുപേക്ഷിക്കാൻ മനസ്സ്‌ പാകപ്പെട്ടു. 60,000 എൻജിൻ ഡ്രൈവർമാരിൽ 1000 വനിതകളുണ്ട്‌. ഇതിൽ കേരളത്തിൽ പാലക്കാട്‌, തിരുവനന്തപുരം  ഡിവിഷനുകളിലെ 51 വനിതകളുമുണ്ട്‌. 1988ൽ ആണ്‌ വനിതകളെ എൻജിൻ ഡ്രൈവർമാരായി ഇന്ത്യൻ റെയിൽവേ നിയമിക്കുന്നത്‌.  എൻജിൻ ക്യാബിനിൽ ശുചിമുറി സ്ഥാപിക്കുമെന്ന്‌ 2013ലെ ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും 10 വർഷത്തിനിപ്പുറം ഇരുപതിനായിരത്തോളം വരുന്ന യാത്രാട്രെയിനുകളിൽ 49 എണ്ണത്തിൽ മാത്രമാണ്‌ ഈ സൗകര്യം ഒരുക്കിയത്‌. നിരവധി റെയിൽവേ ഹൈപവർ കമ്മിറ്റികളും മനുഷ്യാവകാശ കമീഷനുകളും ആവശ്യം ഉന്നയിച്ചിട്ടും അധികൃതരോ സർക്കാരോ ചെവിക്കൊണ്ടില്ല. ഫലം നിരവധി പേർ രോഗികളായി. ആർത്തവ സമയങ്ങളിൽ പാഡ്‌ മാറ്റിവയ്‌ക്കാനുള്ള സൗകര്യവുമില്ല. പത്തും പന്ത്രണ്ടും മണിക്കൂർ ജോലി ചെയ്യേണ്ടി വരുമ്പോൾ കുടിവള്ളം വേണ്ടെന്നുവച്ചാണ്‌ പലരും പിടിച്ചുനിൽക്കുന്നത്‌. തൃശൂരിൽനിന്ന്‌ ഈറോഡ്‌ എത്താൻ ഏഴു മണിക്കൂർ വേണമെന്ന്‌ സന്ധ്യ (പേര്‌ യഥാർഥമല്ല) പറഞ്ഞു. തൃശൂർ വിട്ടാൽ പ്ലാറ്റ്‌ ഫോമിന്റെ അറ്റത്ത്‌ ടോയ്‌ലെറ്റ്‌ സൗകര്യമുള്ളത്‌ ഈറോഡിൽമാത്രം. ആധുനിക സൗകര്യങ്ങളുണ്ടെന്ന്‌ കൊട്ടിഘോഷിക്കുന്ന വന്ദേഭാരത്‌ എക്‌സ്‌പ്രസിലും എൻജിൻ ക്യാബിനിൽ ശുചിമുറിയില്ല. യാത്രാട്രെയിനുകളേക്കാൾ ദുരിതമാണ്‌ ഗുഡ്‌സ്‌ ട്രെയിനുകളിൽ. ‌ശരാശരി 750 മീറ്റർ നീളമുള്ള കോച്ചുകളാണ്‌ ഗുഡ്‌സ്‌ ട്രെയിനുകൾക്ക്‌. പ്ലാറ്റ്‌ഫോമിലെ ശുചിമുറിയിൽപ്പോലും കാര്യം സാധിക്കാനാകില്ല. ദക്ഷിണ റെയിൽവേയിൽ 4595 പേർ ദക്ഷിണ റെയിൽവേയിൽ 4595 എൻജിൻ ഡ്രൈവർമാരാണുള്ളത്‌. അതിൽ 189 പേരാണ്‌ വനിതകൾ. ഒരു ട്രെയിൻ എൻജിനിലാണ്‌ ശുചിമുറി സജ്ജീകരിച്ചതെന്ന്‌ വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന്‌ മറുപടിയിൽ റെയിൽവേ അറിയിച്ചു. ‌വട്ടിയൂർക്കാവ്‌ സ്വദേശി അജയ്‌ എസ്‌ കുമാറാണ്‌ അപേക്ഷ നൽകിയത്‌. Read on deshabhimani.com

Related News