കള്ളപ്പണം വെളുപ്പിക്കൽ കേസ്‌: ഇബ്രാഹിംകുഞ്ഞ് അപ്പീൽ നൽകി



കൊച്ചി > നോട്ട് നിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. സിംഗിൾ ബെഞ്ചിലെ കേസിൽ ഇബ്രാഹിംകുഞ്ഞ് കക്ഷിയല്ലാത്തതിനാൽവാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് അപ്പീലിന് അനുമതി നൽകിയത്. കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ ഹർജിയിലാണ് സിംഗിൾ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച കോഴ ചന്ദ്രികയിൽ നിക്ഷേപിച്ചെന്നായിരുന്നു ഗിരീഷ് ബാബുവിന്റെ പരാതി. സിംഗിൾ ബെഞ്ച്‌ ഉത്തരവിനെത്തുടർന്നായിരുന്നു ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തത്. ചന്ദ്രികയിലെ പണമിടപാടുമായി തനിക്ക് ബന്ധമില്ലെന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വാദം. തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച്‌ ഉത്തരവെന്നും ഹർജിയിൽ പറയുന്നു. Read on deshabhimani.com

Related News