അഖിലേന്ത്യാ സർവീസ്‌: കേന്ദ്രം സംസ്ഥാന അവകാശം കവരുന്നു



തിരുവനന്തപുരം അഖിലേന്ത്യാ സർവീസ്‌ പൂർണമായും കേന്ദ്ര സർക്കാർ കൈപ്പിടിയിലാക്കുന്നു. സംസ്ഥാന സർവീസിലുള്ള ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നിയമനം തന്നിഷ്ടപ്രകാരമാക്കാൻ നിയമ ഭേദഗതിക്ക്‌‌ കേന്ദ്രം തുടക്കമിട്ടു. ഇന്ത്യൻ അഡ്‌മിനിസ്‌‌ട്രേറ്റിവ്‌ സർവീസ്‌(കേഡർ) റൂൾസ്‌ 1954 ഭേദഗതി ചെയ്യുന്നതുകാട്ടി കേന്ദ്ര പേഴ്‌സണൽ ആൻഡ്‌ ട്രെയിനിങ്‌ ഡിപ്പാർട്ടുമെന്റ്‌ സംസ്ഥാനങ്ങൾക്ക് കത്തയച്ചു‌‌. കേന്ദ്ര സർവീസിലേക്ക്‌ ആളെ കിട്ടുന്നില്ലെന്ന ന്യായമുയർത്തിയാണിത്‌.‌ സംസ്ഥാനത്തിന്റെ പരിമിത അധികാരവും കവരുന്നതാണിത്‌‌‌. സംസ്ഥാനത്തിന്റെ അനുവാദമില്ലാതെ ഐഎഎസ്‌, ഐപിഎസ്‌ ഉദ്യോഗസ്ഥരെ ഇനി മാറ്റാം. ഐഎഎസ്‌, ഐപിഎസ്‌‌ ഉദ്യോഗസ്ഥരെ കേന്ദ്ര സർക്കാരാണ്‌ റിക്രൂട്ട്‌ചെയ്‌ത്‌ സംസ്ഥാനങ്ങൾക്ക്‌ അനുവദിക്കുന്നത്‌. ഇവരുടെ ഡെപ്യൂട്ടേഷൻ നിയമനാധികാരി കേന്ദ്രമാണ്‌. എങ്കിലും നിയമനത്തിനായി നിലവിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥനും കൂടിയാലോചന നടത്താറുണ്ട്‌. ഇതിനായി ആരോഗ്യകരമായ കീഴ്‌വഴക്കമുണ്ട്‌. ഡെപ്യൂട്ടേഷൻ നിയമനത്തിനായി മുൻഗണാ പട്ടിക കേന്ദ്രത്തിന്‌ കൈമാറുന്ന സംസ്ഥാനങ്ങളുമുണ്ടായിരുന്നു. ബിജെപി അധികാരത്തിലെത്തിയശേഷം ഇതെല്ലാം അട്ടിമറിച്ചു. രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി അഖിലേന്ത്യാ സർവീസുകാരെ ഉപയോഗിക്കാൻ തുടങ്ങി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലുമടക്കം ഇത്‌ കേന്ദ്ര–-സംസ്ഥാന  ഏറ്റുമുട്ടലിലേക്കെത്തി. ഇതിന്റെ തുടർച്ചയാണ്‌ പുതിയ നീക്കം. ‘പ്രത്യേക സാഹചര്യ’ ത്തിൽ‌ കേന്ദ്രത്തിന്‌ ഏത്‌ ഉദ്യോഗസ്ഥനും ഡെപ്യൂട്ടേഷൻ നിയമനം നൽകാം. ഇതിലൂടെ സംസ്ഥാന ചീഫ്‌ സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരെ സ്ഥലം മാറ്റാം. നീക്കം അംഗീകരിക്കില്ല
മന്ത്രി പി രാജീവ്‌ ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗിക്കുന്നതിൽ സംസ്ഥാന സർക്കാരിനുള്ള അധികാരങ്ങൾ കവർന്നെടുക്കുന്നത്‌ അംഗീകരിക്കാനാകില്ല. സംസ്ഥാനങ്ങളുടെ ഭരണനിർവഹണ പ്രക്രിയയിലേക്ക് അമിതാധികാരത്തോടെ ഇടപെടാൻ കഴിയുന്ന ഒരു കേന്ദ്ര സംവിധാനം, സഹകരണാത്മക ഫെഡറലിസത്തിന് എതിരാണ്. അത്തരം നീക്കങ്ങളിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണം. സംസ്ഥാനങ്ങളെ വരിഞ്ഞുമുറുക്കുന്ന നടപടികളിലാണ്‌‌ കേന്ദ്രം. നികുതി ശേഖരണത്തിന്റെയും വിഭവ വിതരണത്തിന്റെയും കാര്യത്തിൽ സംസ്ഥാനങ്ങളെ ഞെരുക്കുകയാണ്. സംസ്ഥാന അധികാരങ്ങളെയും അവകാശങ്ങളെയും കവർന്നെടുക്കാനുള്ള നീക്കങ്ങളെ എക്കാലവും കേരളം പ്രതിരോധിച്ചിട്ടുണ്ട്.   Read on deshabhimani.com

Related News