സര്‍ക്കാര്‍ വാക്കുപാലിച്ചു, വിമലയ്ക്ക് വീടൊരുങ്ങി



തിരുവനന്തപുരം> കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാല്‍ പഞ്ചായത്തിലെ 301 കോളനിയില്‍ പാറപ്പുറത്ത് ഷെഡ് കെട്ടി കഴിഞ്ഞിരുന്ന വിമലയ്ക്കും മകന്‍ സനലിനും സുരക്ഷിതമായ വീടൊരുങ്ങി. കാട്ടാന ശല്യം രൂക്ഷമായ സ്ഥലത്തെ ഭൂമിക്ക് പകരം അനുവദിച്ച പുതിയ ഭൂമിയില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടച്ചുറപ്പുള്ള വീട് നിര്‍മ്മിക്കുകയായിരുന്നു. വീടിന്റെ അവസാന ഘട്ട പ്രവര്‍ത്തികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം താക്കോല്‍ കൈമാറുമെന്ന് തദ്ദേശ സ്വയം ഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടര്‍ന്ന്, ഉയര്‍ന്ന് നില്‍ക്കുന്ന പാറയ്ക്ക് മുകളില്‍ ടാര്‍പോളിന്‍ ഷീറ്റ് കൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്. മകന്റെ ചികില്‍സയും മുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടനെ അടിയന്തിര നിര്‍ദേശത്തിന് മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് ഡയറക്ടര്‍ നേരിട്ട് കളക്ടറുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലാണ് സുരക്ഷിതമായ വീടൊരുക്കാന്‍ പുതിയ ഭൂമി കണ്ടെത്തിയത്.|  പുതിയ വീട് ഒരുങ്ങും വരെ വിമലയെയും മകനെയും മാറ്റിത്താമസിപ്പിക്കാനും മന്ത്രിയുടെ നിര്‍ദേശപ്രകാരം സൗകര്യമൊരുക്കിയിരുന്നു. ആധുനിക നവകേരള സൃഷ്ടി അര്‍ത്ഥപൂര്‍ണമാകുന്നത് ഇത്തരം മനുഷ്യരുടെ ജീവിതപ്രയാസങ്ങള്‍ കൂടി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമ്പോഴാണെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഭൂമി യഥാസമയം ലഭ്യമാക്കാന്‍ ഇടപെട്ട ഇടുക്കി ജില്ലാ കളക്ടര്‍, നിര്‍മ്മാണ പ്രവര്‍ത്തിയുടെ മേല്‍നോട്ടം വഹിച്ച പഞ്ചായത്ത് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍, പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, മറ്റ് ജീവനക്കാര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.   Read on deshabhimani.com

Related News