വേനൽച്ചൂട്‌ നേരിടാൻ സജ്ജമാകണം



തിരുവനന്തപുരം>   വേനൽച്ചൂട്‌ കനക്കുന്ന സാഹചര്യത്തിൽ എല്ലാ വകുപ്പും സജ്ജമായിരിക്കണമെന്ന്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.   ഉഷ്ണകാല ദുരന്തലഘൂകരണത്തിനുള്ള മാർഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീപിടിത്തം വർധിച്ചതിനാൽ അഗ്നിരക്ഷാസേന പൂർണ സജ്ജമാകണം. ആവശ്യമായ ഉപകരണം, കെമിക്കൽ എന്നിവയ്‌ക്ക്‌ 10 കോടി രൂപ അനുവദിക്കും. ജനവാസമേഖലയിലെ കുറ്റിക്കാടുകൾ വൃത്തിയാക്കാൻ തൊഴിലുറപ്പുപ്രവർത്തകരെ വിനിയോഗിക്കാം. ആശുപത്രികളിലും സർക്കാർ ഓഫീസിലും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്തണം. കുടിവെള്ളക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശം ജലവിഭവ വകുപ്പ് കണ്ടെത്തണം. വിവരം ദുരന്തനിവാരണ അതോറിറ്റിയെയും തദ്ദേശവകുപ്പിനെയും അറിയിക്കണം. തകരാറിലായ വാട്ടർ കിയോസ്കുകൾ പ്രവർത്തനക്ഷമമാക്കാൻ 10,000 രൂപവീതം അനുവദിക്കും. ഹോട്ടൽ, സന്നദ്ധ, രാഷ്ട്രീയ, യുവജന സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവയുടെ സഹകരണത്തോടെ എല്ലാ പ്രദേശത്തും കുടിവെള്ളം  ഉറപ്പാക്കണം. ചൂട് മൂലമുള്ള ആരോഗ്യപ്രശ്നം, പൊള്ളൽ, വേനൽക്കാലത്തെ പകർച്ചവ്യാധികൾ എന്നിവയെ നേരിടാൻ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം. പിഎച്ച്സികളിലും സിഎച്ച്സികളിലും ഉൾപ്പെടെ ആവശ്യവസ്തുക്കൾ ലഭ്യമാക്കണം. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കണം. പരീക്ഷാ ഹാളിൽ വെന്റിലേഷനും കുടിവെള്ളവും ഉറപ്പാക്കണം. പടക്കനിർമാണ ശാലകളിൽ സുരക്ഷ ഉറപ്പാക്കണം. ഉത്സവങ്ങൾ സുരക്ഷാമാനദണ്ഡ മാർഗരേഖ അനുസരിച്ച്  നടത്തണം. വേനൽമഴയിലെ ജലം സംഭരിക്കാനാകണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി വേണു, ശാരദ മുരളീധരൻ, പൊലീസ് മേധാവി അനിൽകാന്ത്, അഗ്നിരക്ഷാസേനാ മേധാവി ബി സന്ധ്യ,  ദുരന്തനിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ശേഖർ കുര്യാക്കോസ് എന്നിവരും വകുപ്പ്‌ മേധാവികളും കലക്ടർമാരും പങ്കെടുത്തു. Read on deshabhimani.com

Related News