കോടിയേരിക്ക്‌ നിയമസഭയുടെ ആദരാഞ്ജലി



തിരുവനന്തപുരം> സമരതീഷ്‌ണവും സൗമ്യദീപ്തവുമായ ജീവിതത്താൽ ജനമനസുകളെ കീഴടക്കിയ സിപിഐ എമ്മിന്റെ സമുന്നനേതാവും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്‌ നിയമസഭയുടെ ആദരാഞ്ജലി. കേരളത്തിലെ വിദ്യാർഥി പ്രസ്ഥാനം സംഭാവനചെയ്‌ത സമാനതകളില്ലാത്ത നേതൃരൂപമായിരുന്നു കോടിയേരിയെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ ചരമോപചാര പ്രമേയത്തിൽ പറഞ്ഞു. നിയമസഭയ്‌ക്കകത്തുംപുറത്തും ഒരുപോലെ ശോഭിക്കാൻ കഴിഞ്ഞനേതാക്കളിൽ ഒന്നാംനിരക്കാരനായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ കാര്യങ്ങൾ വളച്ചുകെട്ടില്ലാതെ വ്യക്തമായി അവതരിപ്പിക്കുന്നതായിരുന്നു പ്രസംഗശൈലി. തന്റെ പ്രസ്ഥാനത്തെ ആശയദൃഢതയോടെ നയിക്കുന്നതിൽ പ്രമുഖ പങ്കുവഹിച്ചു. ചാഞ്ചല്യമില്ലാത്ത പ്രത്യയശാസ്ത്ര ബോധം, വിട്ടുവീഴ്‌ചയില്ലാത്ത പാർടി കൂറ്‌, കൂട്ടായ പ്രവർത്തനത്തിനുള്ള മനസന്നദ്ധത, എണ്ണയിട്ട യന്ത്രമെന്നതുപോലെ സംഘടനയെ സദാതയ്യാറാക്കി നിർത്തുന്നതിലുള്ള നിഷ്‌കർഷത എന്നിവയിൽ പുതിയ തലമുറയ്‌ക്ക്‌ മാതൃകയാണ്‌ അദ്ദേഹം. സ്വതസിദ്ധമായ പുഞ്ചിരിയാൽ അനുയായികളുടെയും പ്രതിയോഗികളുടെയും മനംകവർന്നു. ശത്രുക്കളില്ല, എതിരാളികളേയുള്ളൂവെന്ന പ്രയോഗം അന്വർഥമാക്കുന്നതായിരുന്നു ജീവിതം. വ്യക്തിജീവതത്തെ പൂർണമായും പാർടി ജീവിതത്തിന് കീഴ്‍പ്പെടുത്തിയ മാതൃകാ രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നു. ഇടതുപക്ഷപ്രസ്ഥാനത്തെ ആശയതലത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കുന്നതിൽ അവിസ്‌മരണീയമായ സംഭാവന നൽകിയ വിപ്ലവകാരിയെയും, മികച്ച നിയമസഭാ സാമാജികനെയുമാണ് നഷ്ടമായതെന്നും സ്‌പീക്കർ പറഞ്ഞു. മുൻ എംഎൽഎമാരായ സിപിഐ എം നേതാവ്‌ വെങ്ങാനൂർ പി ഭാസ്‌കരൻ,  കെ മുഹമ്മദാലി, മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻമന്ത്രിയുമായ ആര്യാടൻ മുഹമ്മദ്‌, മുൻമന്ത്രിയും ജനതാദൾ എസ്‌ സംസ്ഥാന പ്രസിഡന്റുമായിരുന്ന പ്രൊഫ. എൻ എം ജോസഫ്‌ എന്നിവരുടെ നിര്യാണത്തിലും നിയമസഭ അനുശോചിച്ചു. അൽപസമയ മൗനത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചു. Read on deshabhimani.com

Related News