‘സാമാന്യബോധത്തെ ഹിന്ദുത്വം വികലമാക്കി’: സുനിൽ പി ഇളയിടം



കോഴിക്കോട്‌> ഏതു വിഡ്ഢിത്തവും വസ്‌തുതയായി അവതരിപ്പിക്കാവുന്ന നിലയിലേക്ക്‌ സാമാന്യബോധത്തെ വികലമാക്കാൻ ഹിന്ദുത്വത്തിനായെന്ന്‌ ഡോ. സുനിൽ പി ഇളയിടം പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ഉത്തരമേഖലാ  സാംസ്‌കാരിക സംഗമം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യുക്തിവിരുദ്ധതയുടെയും ശാസ്‌ത്ര വിരുദ്ധതയുടെയും ലോകം നമുക്കുചുറ്റും ശക്തമായി. അതിന്റെ വികാസം പരമാവധിയിലെത്തി. മതരാഷ്‌ട്രപരമെന്ന്‌ വിളിക്കാവുന്ന   സങ്കൽപ്പം  നമ്മുടെ പരിസരങ്ങളിലേക്ക്‌ കടന്നുവന്നു. പങ്കുവയ്‌പിന്റെ ചരിത്രത്തെയാകെ തമസ്‌കരിച്ചു. ഹിന്ദുത്വത്തിന്റെ ശക്തി അവർ വികസിപ്പിക്കുന്ന മതാത്മക ദേശീയതാബോധമാണ്‌. ദേശീയതയും മതവും സംസ്‌കാരവുമെല്ലാം ഉപയോഗിച്ച്‌ സമൂഹത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾക്ക്‌ ആക്കംകൂടി. അതിർത്തിയോ ഭൂപ്രദേശമോ മാത്രമല്ല വൈരുധ്യങ്ങളെ ചേർത്തുനിർത്താമെന്ന ആശയംകൂടിയാണ്‌ ഇന്ത്യ. വിഭജനത്തിലൂന്നിയ മതരാഷ്‌ട്ര ദേശീയതാ സങ്കൽപ്പത്തെ പിന്തള്ളിയാണ്‌ ഐക്യബോധത്തിലൂന്നിയ ആശയം നാം രൂപപ്പെടുത്തിയത്‌.  വിദ്വേഷത്തിനെതിരായ സമരത്തിൽ മനുഷ്യർക്കിടയിലെ സ്‌നേഹത്തിനും സാഹോദര്യത്തിനും പ്രധാന പങ്കുണ്ട്‌. അനുഭവ മൂല്യങ്ങൾകൊണ്ടുകൂടിയാണ്‌ പ്രതിരോധങ്ങൾ ഉണ്ടാകുന്നതെന്ന തിരിച്ചറിവോടെ പ്രവർത്തിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News