ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസ്: ബിജെപി പ്രവര്‍ത്തകര്‍ പിടിയില്‍



മങ്കട > രാമപുരത്ത് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്റെ വീടാക്രമിച്ച നാലു പേര്‍ പിടിയില്‍. ചണ്ടല്ലീരി മേലേപ്പാട്ട് പി ജയേഷ് (30), മണ്ണാര്‍ക്കാട് പെരുമ്പടാലി വട്ടടമണ്ണ വൈശാഖ്, ചെങ്ങലേരി ചെറുകോട്ടകുളം സി വിനീത് (29), മണ്ണാര്‍ക്കാട് പാലക്കയം പുത്തന്‍ പുരക്കല്‍ ജിജോ ജോണ്‍(30) എന്നിവരെയാണ് മങ്കട ഇന്‍സ്‌പെക്ടര്‍ ഷാജഹാന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പിടിയിലാവര്‍ ബിജെപി പ്രവര്‍ത്തകരാണ്. ഡിസംബര്‍ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. രാമപുരം കോനൂര്‍ കാവുങ്കല്‍ ചന്ദ്രന്റെ വീട്ടില്‍ അതിക്രമിച്ച് കയറി കളിമണ്ണ് കൊണ്ട് ചുമര് വൃത്തികേടാക്കുകയും തുളസിതറ തകര്‍ക്കുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വീടാക്രമിച്ചത് രാഷ്ട്രീയ പ്രചരണ മായി ബിജെപി ഉയര്‍ത്തി വിവാദമുണ്ടാക്കിയിരുന്നു. ക്രമസമാധാനം തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമായി  ഹിന്ദു ഐക്യവേദി പ്രതിഷേധയോഗം നടത്തിയിരുന്നു.   പെരിന്തല്‍മണ്ണയില്‍ ബിജെപി ഓഫീസിന് നേരെ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് വീട് ആക്രമണത്തെ  കൂട്ടി കെട്ടി സിപിഐ എമ്മിന് എതിരേ പ്രചരണത്തിന് ബിജെപി നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തില്‍ നീക്കം നടത്തിയിരുന്നു. ആക്രമിച്ചത് സിപിഐ എം പ്രവര്‍ത്തകരാണന്നും സമൂഹമാധ്യമം വഴി വ്യാപകമായി പ്രചരിച്ചിരുന്നു.  മങ്കട  പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തി വരുന്നതിനിടയില്‍ പരാതിക്കാരനുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്നിരുന്നവരവാണ് പ്രതികളെന്ന് തെളിഞ്ഞു. സിസിടിവി പരിശോധനയിലാണ് പ്രതിളെ കുറിച്ച് വിവരം ലഭിച്ചത്. സംഭവസ്ഥലത്ത് വന്ന കാര്‍ കണ്ടെത്തി അന്വേഷണം നടത്തിയതില്‍ പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. പ്രതികള്‍ക്ക് പരാതിക്കാരനുമായുണ്ടായ സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നാണ് സ്ഥലത്ത് എത്തിയതെന്നും സംഭവത്തില്‍ രാഷ്ട്രീയമില്ലന്നും പ്രതികള്‍ ബി ജെ പി പ്രവര്‍ത്തകരാണന്നും പൊലീസ് പറഞ്ഞു. മങ്കട  പൊലീസ്  ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, എസ് ഐ വിജയരാജന്‍,  രാജേഷ്, രജീഷ്, എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. വെളിവായത് ബിജെപി യുടെ ഗൂഡാലോചന സിപിഐ എം മങ്കട > പുഴക്കാട്ടിരി രാമപുരത്ത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്  ബിജെപി പ്രവര്‍ത്തകന്റെ വീട് ആക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായതോടെ പുറത്ത് വന്നത് ആക്രമം സിപിഐ എമ്മിന്റെ തലയിലിടാനുള്ള ബിജെപിയുടെ ഗൂഡാലോചന. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന രാമപുരം പ്രദേശത്ത് ബോധപൂര്‍വ്വം കലാപം ശൃഷ്ടിക്കാനുള്ള ബിജെപിയുടെ നീക്കമാണ് പ്രതികള്‍ പിടിയിലായതോടെ പൊളിഞ്ഞത്. ആക്രമണത്തിന് പിന്നില്‍ സിപിഐ എം ആണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ അടക്കമുള്ള നേതാക്കള്‍ പ്രചരിപ്പിക്കുകയും സിപിഐ എമ്മിന് എതിരേ കൊലവിളി മുദ്രാവാക്യവുമായി രാമപുരത്ത് അണികളെ കൊണ്ട് പ്രകടനം നടത്തുകയും, സോഷ്യല്‍ മീഡിയ വഴി വ്യാപക പ്രചരണം നടത്തുകയും ചെയ്തിരുന്നു. നാട്ടില്‍ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ സിപിഐ എം പുഴക്കാട്ടിരി ലോക്കല്‍ കമ്മറ്റി പ്രതിഷേധിച്ചു. ഏരിയ കമ്മറ്റിയംഗങ്ങളായ വി പി അയ്യപ്പന്‍, കെ കെ ഗീത, ലോക്കല്‍ സെക്രട്ടറി പി ടി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News