ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധികാരഗോപുരങ്ങള്‍ തകര്‍ക്കണം: മന്ത്രി ആര്‍ ബിന്ദു



തൃശൂർ > ഉന്നതവിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അദൃശ്യമായ അധികാര ഗോപുരങ്ങൾ പൊളിച്ചടുക്കേണ്ടതുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. കലിക്കറ്റ് സർവകലാശാലയുടെ  ജോൺ മത്തായി സെന്ററിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലിംഗ, ജാതി, മത വിവേചനങ്ങളും ചൂഷണങ്ങളും ഇല്ലാതാകണം. യാന്ത്രികമായി ബിരുദസർട്ടിഫിക്കറ്റുകൾ പടച്ചുവിടാതെ പ്രാദേശിക ജനതയുടെ ജീവിതത്തിൽ ക്രിയാത്മകമായി ഇടപെടുമ്പോഴാണ് സർവകലാശാലകളുടെ പ്രസക്തി വർധിക്കുന്നതെന്നും അതിനായി ‘സമഭാവനയുടെ സത്കലാശാലകൾ ' പദ്ധതിക്ക് തുടക്കമായെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ ഓഫ് ഡ്രാമയിൽ കലാപഠനം നടത്തുന്നവർക്ക് രംഗസംവിധാനത്തിന് പ്രായോഗിക പരിശീലനത്തിനുള്ള സീനോഗ്രാഫി ലാബ് മന്ത്രി ഉദ്ഘാടനം ചെയ്‌തു. ക്യാമ്പസിലെ സുരക്ഷാ ജീവനക്കാരുടെ കാബിൻ ഉദ്ഘാടനവും പുരുഷ ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു. മുൻ എംഎൽഎ വി എസ് സുനിൽകുമാറിന്റെ ആസ്‌തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ഒന്നരക്കോടി രൂപ ചെലവിൽ ഡോ. വയലാ വാസുദേവൻ പിള്ള സ്‌മാരക ഓപ്പൺ തിയറ്റർ നിർമാണവും സ്‌കൂൾ ഓഫ് ഡ്രാമയുടെ ബ്ലാക്ക് ബോക്‌സ് നിർമിക്കാനുള്ള അഞ്ചുകോടിയുടെ പദ്ധതിയും ക്യാമ്പസ് നവീകരണത്തിനായുള്ള 10 കോടിയുടെ പദ്ധതിയും പ്രാരംഭഘട്ടത്തിലാണ്. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം കെ.  ജയരാജ് അധ്യക്ഷനായി. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. രജിസ്‌ട്രാർ ഡോ. ഇ കെ സതീഷ്, കൗൺസിലർ ലാലി ജയിംസ്, വി ആർ അനിൽകുമാർ, ഡോ. ശ്രീജിത്ത് രമണൻ, വി എൻ വിനോദ്, ഡോ. സബീന ഹമീദ്, ഡോ. പി വസന്ത കുമാരി, ഡോ. സ്‌മിത, പി ബി ബിനി, നജ്‌മുൽ ഷാഹി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News