എജിയുടെ നിയമോപദേശം വിവരാവകാശപരിധിയിൽ വരില്ല: ഹൈക്കോടതി



കൊച്ചി സംസ്ഥാന സർക്കാരിന്‌ അഡ്വക്കറ്റ്‌ ജനറൽ നൽകുന്ന നിയമോപദേശം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും മറ്റാർക്കും കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി. ലാവ്‌ലിൻ, പാലക്കാട് സമ്പത്ത് കസ്‌റ്റഡിമരണ കേസുകളിൽ എജി നൽകിയ നിയമോപദേശത്തിന്റെ പകർപ്പുകൾ നൽകണമെന്ന സംസ്ഥാന വിവരാവകാശ കമീഷന്റെ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. സർക്കാരിന്‌ എജി നൽകുന്ന നിയമോപദേശങ്ങൾ രഹസ്യസ്വഭാവമുള്ളതാണ്‌. ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വിവരാവകാശ കമീഷന്റെ ഉത്തരവുകളോട് യോജിക്കാനാകില്ലെന്ന്‌ ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണൻ വ്യക്തമാക്കി. നിയമോപദേശത്തിന്റെ പകർപ്പ്‌ ആവശ്യപ്പെട്ട്‌, ഇടുക്കി ആസ്ഥാനമായുള്ള ജനശക്തി സംഘടനയുടെ ജനറൽ സെക്രട്ടറി എം എൽ അഗസ്തിയും കണ്ണൂർ തലശേരി ചിറക്കൽത്താഴം സ്വദേശി പി ഷറഫുദീനും എജി ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. വിവരാവകാശ നിയമപരിധിയിൽ വരില്ലെന്ന് വ്യക്തമാക്കി ഇത്‌ നിരസിച്ചു. തുടർന്ന്‌ പരാതിക്കാർ സംസ്ഥാന വിവരാവകാശ കമീഷനെ സമീപിച്ചു. കമീഷന്റെ ഉത്തരവിനെതിരെ എജിയുടെ സെക്രട്ടറി ഉൾപ്പെടെയുള്ളവരാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. Read on deshabhimani.com

Related News