സ്‌ത്രീപുരുഷ നഗ്‌നത ; സമൂഹത്തിന്റെ ഇരട്ടത്താപ്പിനെ 
വിമർശിച്ച്‌ കോടതി



കൊച്ചി സ്‌ത്രീകളുടെയും പുരുഷൻമാരുടെയും നഗ്‌നതയെക്കുറിച്ച്‌ സമൂഹത്തിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പുകൾക്ക്‌ ഹൈക്കോടതിയുടെ വിമർശം. പുരുഷശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സമൂഹം വളരെ കുറച്ചുമാത്രമേ ചർച്ച ചെയ്യുന്നുള്ളൂ. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്‌ത്രീശരീരം നിരന്തരമായ ഭീഷണിയിലാണെന്നാണ്‌ കോടതിയുടെ നിരീക്ഷണം. ആക്ടിവിസ്‌റ്റും മോഡലുമായ രഹ്‌ന ഫാത്തിമയെ പോക്‌സോ കേസിൽ കുറ്റവിമുക്തയാക്കിയ വിധിയിലാണ്‌ ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്തിന്റെ നിരീക്ഷണമുള്ളത്‌.  ആചാരങ്ങളുടെ ഭാഗമായി പുലികളിയും തെയ്യവും കെട്ടുമ്പോൾ പുരുഷശരീരത്തിൽ ചിത്രം വരയ്‌ക്കുന്നുണ്ട്‌. പുരുഷൻമാർ ഷർട്ട്‌ ധരിക്കാതെ നടക്കുന്നത്‌ അശ്ലീലമായി കാണുന്നില്ല. പുരുഷന്റെ അർധനഗ്‌ന ശരീരം സാധാരണയായി കാണുന്ന സമൂഹം സ്‌ത്രീയുടെ  അർധനഗ്നതയെ അതേ രീതിയിലല്ല പരിഗണിക്കുന്നത്‌.   നഗ്നമായ സ്ത്രീശരീരം ലൈംഗിക ആവശ്യങ്ങൾക്കുവേണ്ടി മാത്രമുള്ളതാണെന്നാണ്‌ സമൂഹത്തിന്റെ കാഴ്‌ചപ്പാട്‌. സമൂഹത്തിൽ നിലനിൽക്കുന്ന ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടാനാണ്‌ യുവതി വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന്‌ രഹ്‌ന ഫാത്തിമയെ കുറ്റവിമുക്തയാക്കിയ വിധിയിൽ പറയുന്നു. നഗ്‌നതയെ അശ്ലീലമോ അധാർമികമോ ആയി കാണാനാകില്ല. കീഴ്‌ജാതിക്കാരായ സ്‌ത്രീകൾ മാറുമറയ്‌ക്കാൻ സമരം നടത്തിയ നാടാണിത്‌.  രാജ്യത്തുടനീളമുള്ള പുരതാന ക്ഷേത്രങ്ങളിൽ സ്‌ത്രീയുടെ അർധനഗ്‌നത പ്രദർശിപ്പിക്കുന്ന ദേവീശിൽപ്പങ്ങളും ചുവർചിത്രങ്ങളുമുണ്ട്‌. ഇത്തരം ചിത്രങ്ങളും ശിൽപ്പങ്ങളും വിശുദ്ധമായാണ്‌ കാണുന്നത്‌. അർധനഗ്‌നയായ ദേവിയെ പ്രാർഥിക്കുമ്പോൾ ഉണരുന്ന വികാരം ലൈംഗികതയല്ല, വൈദികതയാണെന്ന ഹർജിക്കാരിയുടെ വാദം കോടതി  അംഗീകരിച്ചു. സമൂഹത്തിന്റെ ലൈംഗിക കാഴ്‌ചപ്പാടിനോടുള്ള പ്രതിഷേധമെന്നനിലയിലാണ്‌ വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്‌. ഇത്‌ അസഭ്യമോ അശ്ലീലമോ അല്ല. വിവേകശാലിയായ മനുഷ്യന്റെ മനസ്സിൽ ഈ വീഡിയോ  ലൈംഗികതയുണർത്തുന്ന ഒന്നല്ലെന്നും കോടതി പറഞ്ഞു.   Read on deshabhimani.com

Related News