പെട്ടിമുടി ദുരന്തം: വ്യത്യസ്ത തുകകള്‍ നഷ്ടപരിഹാരമായി നല്‍കിയ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി



കൊച്ചി> പെട്ടിമുടി ദുരന്തത്തിലും കരിപ്പൂര്‍ വിമാന അപകടത്തിലും വ്യത്യസ്ത തുകകള്‍ അടിയന്തിര നഷ്ടപരിഹാരമായി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. പെട്ടിമുടി ദുരന്തത്തിന് ഇരയായവരുടെ അവകാശികള്‍ക്ക് 5 ലക്ഷവും കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പത്ത് ലക്ഷവും നഷ്ട പരിഹാരം നല്‍കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് കോടതി വ്യക്തമാക്കി. പെമ്പിളൈ ഒരുമൈ നേതാവും മുന്‍ ബ്ലോക് പഞ്ചായത്ത് അംഗവുമായ ഗോമതി അഗസ്റ്റിന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. പെട്ടിമുടി ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികള്‍ക്ക് 5 ലക്ഷം രൂപയാണ് അടിയന്തിര ധനസഹായം അനുവദിച്ചതെന്നും രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്കാണ് തുക വിതരണം ചെയ്യുന്നതെന്നും ഇടുക്കി ജില്ലാ കളക്ടര്‍ വിശദീകരിച്ചു. എട്ട് കുംടുംബങ്ങള്‍ക്ക് 5 സെന്റ് സ്ഥലം വീതം വീട് വയ്ക്കുന്നതിന് സൗജന്യമായി കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചു.വീട്ടകളുടെ നിര്‍മ്മാണത്തിന് കെ. ഡി.എച്ച് കമ്പനി സഗായം വാഗ്ദാനം നല്‍കിയിട്ടുള്ളതായും സര്‍ക്കാര്‍ അറിയിച്ചു. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിനായി സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.   Read on deshabhimani.com

Related News