ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റി; അതുവരെ അറസ്റ്റില്ല



കൊച്ചി > നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റി. അതുവരെ കേസിൽ അറസ്റ്റില്ലെന്ന്‌ പൊലീസ്‌ കോടതിയിൽ വ്യക്തമാക്കി. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ഉൾപ്പെടെ പരിശോധിക്കാനുണ്ടെന്ന്‌ കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ചൊവ്വാഴ്‌ചത്തേക്ക്‌ മാറ്റുകയാണെങ്കിൽ അതുവരെ അറസ്റ്റ്‌ പാടില്ലെന്ന നിർദേശം പൊലീസിന്‌ നൽകണമെന്ന്‌ പ്രതിഭാഗം ആവശ്യപ്പെട്ടു. തുടർന്ന്‌ ചൊവ്വാഴ്‌ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന്‌ പൊലീസ് കോടതിയെ അറിയിക്കുകയായിരുന്നു.  നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി വെള്ളിയാഴ്‌ചയിലേക്ക്‌ മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്നും ഇതിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകൾ എന്നുമാണ്‌ ഹർജിക്കാരുടെ വാദം. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയതിന് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ. ദിലീപിനെ കൂടാതെ സഹോദരൻ ശിവകുമാർ, സഹോദരീ ഭർത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസിൽ കുടുക്കിയിരിക്കുകയാണെന്നും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. പൊലീസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്‌തവ വിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും സാധ്യതയുണ്ടെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ദിലീപ് കേസിൽ ഒന്നാം പ്രതിയാണ്. വധഭീഷണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടേയും ഓഡിയോ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി സന്ധ്യ, എ വി ജോർജ്, കെ എസ് സുദർശൻ, എം ജെ സോജൻ, ബൈജു കെ പൗലോസ് എന്നിവർക്കെതിരെ ദിലീപും സഹോദരനും സഹോദരീ ഭർത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്. സുദർശന്റെ കൈവെട്ടുമെന്നും ബൈജു പൗലോസിന് വണ്ടി ഇടിപ്പിക്കുമെന്നൊക്കെയാണ് ക്ലിപ്പിലെ പരാമർശങ്ങൾ.   Read on deshabhimani.com

Related News