ചൂതാട്ട പരിധിയിൽ വരില്ല; ഓൺലൈൻ റമ്മിക്ക്‌ ഏർപ്പെടുത്തിയ വിലക്ക്‌ നീക്കി ഹൈക്കോടതി



കൊച്ചി > ഓണ്‍ലൈന്‍ റമ്മിക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ  വിലക്ക് ഹൈക്കോടതി നീക്കി. ഗെയിമിങ് കമ്പനികളുടെ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. 1960 ലെ കേരള ഗെയിംഗിമിങ്‌ ആക്‌ടിൽ സെക്ഷൻ 14 എ യിൽ  ഭേദഗതി വരുത്തിയാണ്  സർക്കാർ പണം നൽകിയുള്ള  ഓൺലൈൻ റമ്മികളി നിയമ വിരുദ്ധമാക്കിയത്. എന്നാൽ ഓണ്‍ലൈന്‍ റമ്മി ചൂതാട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഓൺലൈൻ റമ്മി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയത്‌. 1960 ലെ കേരള ഗെയിംമിങ്‌ ആക്‌ട് ഭേദഗതി ചെയ്‌തായിരുന്നു ഇത്‌. നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തി പണം വെച്ചുള്ള ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിയായിരുന്നു പുതിയ വിജ്ഞാപനം. ഓണ്‍ലൈന്‍ റമ്മിയിലൂടെ പണം നഷ്‌ടപ്പെട്ടുള്ള ആത്മഹത്യകള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി കൊണ്ടുവന്നതെന്നുമുള്ള സര്‍ക്കാര്‍ വാദം കോടതി നിരാകരിക്കുകയായിരുന്നു. നേരത്തെ ഓൺലൈൻ വാതുവെപ്പ് ഗെയിമുകൾ നിരോധിച്ച തമിഴ്‌നാട് സർക്കാർ ഉത്തരവ്‌ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഓൺലൈൻ ഗെയിമുകൾ നിരോധിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മദ്രാസ് ഹൈക്കോടതി വിധി.   Read on deshabhimani.com

Related News