കെട്ടിട കവാടങ്ങളിലെ ഗ്ലാസിന്റെ ഗുണനിലവാരം ഉറപ്പുവരുത്തല്‍: നിര്‍മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണം: ഹൈക്കോടതി



കൊച്ചി> സംസ്ഥാനത്ത് കെട്ടിടങ്ങളുടെ കവാടങ്ങള്‍ക്ക്  ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്തണമെന്ന് ഹൈക്കോടതി. പെരുമ്പാവൂരില്‍ ബാങ്ക് ശാഖയിലെത്തിയ യുവതി ഗ്ലാസ് തകര്‍ന്ന് പരുക്കേറ്റ് മരിച്ച സംഭത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട്  കൊച്ചിയിലെ ന്യൂ ടെക് ഇന്റര്‍നാഷണല്‍ ഉടമ സിദ്ധിക്ക് ബാബു സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. തകര്‍ന്നാലും ജീവഹാനി ഉണ്ടാവാത്ത ടഫന്‍ഡ് ഗ്ലാസ് ഉപയോഗിക്കുന്നതിന് പകരം സാധാരണ ഗ്ലാസ് ഉപയോഗിക്കന്നതാണ് അപകടം ക്ഷണിച്ചു വരുത്തുന്നതെന്ന് ഹര്‍ജി ഭാഗം പരാതിപ്പെട്ടു. ഇക്കാര്യത്തില്‍ ഉയരം കൂടിയ കെട്ടിടങ്ങള്‍ സംബന്ധിച്ച് കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ വ്യവസ്ഥ ഉണ്ടെങ്കിലും അവ്യക്തത ഉണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കെട്ടിട നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഗ്ലാസിന്റെ ഗുണനിലവാരം ചട്ടങ്ങളില്‍ നിഷ്‌ക്കര്‍ഷിക്കേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. ചട്ടഭേദഗതി ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിക്ക് കോടതി നിര്‍ദ്ദേശം നല്‍കി.   Read on deshabhimani.com

Related News