ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി; പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു



തിരുവനന്തപുരം > ജഡ്‌ജിമാർക്ക്‌ കൈക്കൂലി നൽകാനെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച്‌ എഡിജിപി ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ ക്രൈംബ്രാഞ്ച്‌ എസ്‌പി കെ എസ്‌ സുദർശന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. ക്രൈംബ്രാഞ്ച്‌ ഡിറ്റക്‌ടീവ്‌ ഇൻസ്പെക്ടർമാരായ ശാന്തകുമാർ, സിബി ടോം, ഗ്രേഡ്‌ എസ്‌ഐമാരായ കലേഷ്‌കുമാർ, ജോഷി സി എബ്രഹാം, അമൃതരാജ്‌, ജയ്‌മോൻ പീറ്റർ എന്നിവരാണ്‌ അന്വേഷണസംഘത്തിൽ. സംഭവത്തിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ്‌ സൗത്ത്‌ ചിറ്റൂർ ഡിവൈൻ നഗർ കൂരൻകല്ലോക്കാരൻ വീട്ടിൽ അഡ്വ. സൈബി ജോസ്‌ കിടങ്ങൂരിനെതിരെയാണ്‌ പൊലീസ്‌ കേസെടുത്തത്‌. വഞ്ചനാകുറ്റത്തിനും അഴിമതി നിരോധന നിയമത്തിലെ ഏഴ്‌ (ഒന്ന്‌) വകുപ്പ്‌ പ്രകാരവുമാണ്‌ കേസ്‌. സംസ്ഥാന പൊലീസ്‌ മേധാവി അനിൽകാന്ത്‌ കൊച്ചി സിറ്റി പൊലീസ്‌ കമീഷണർ കെ സേതുരാമന്‌ നൽകിയ നിർദ്ദേശപ്രകാരമാണ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചത്‌. Read on deshabhimani.com

Related News