‘‘ഞങ്ങൾ റിലീസായി ബ്രോ’’ ; ഉറ്റവർ യാത്ര തുടങ്ങി, ആശ്വാസതീരമണയാൻ

സനു ജോസിനെയും മറ്റു നാവികരെയും വിട്ടയച്ച സന്തോഷത്തിൽ ഡാഡിയുടെ 
ബൈക്കിൽ ബെനഡിക്ടും എലിസബത്തും അമ്മ മെറ്റിൽഡയും ഫോട്ടോ: സുനോജ് നൈനാൻ മാത്യു


കൊച്ചി ‘‘ഞങ്ങൾ റിലീസായി ബ്രോ’’ ആ ശബ്ദസന്ദേശം 10 മാസം നീണ്ട കാത്തിരിപ്പിന്‌ വിരാമമിട്ട്‌ കുടുംബങ്ങൾക്ക്‌ നൽകിയത്‌ ആശ്വാസവും ആഹ്ലാദവും. നൈജീരിയയിൽ കപ്പലിൽ തടവിലാക്കപ്പെട്ട പ്രിയപ്പെട്ടവരോട്‌ ഫോണിൽ സംസാരിക്കാൻ പറ്റാത്ത ദിവസങ്ങൾ. അസുഖം വന്നാൽ ഡോക്ടറെ കാണാൻ ദിവസങ്ങളുടെ കാത്തിരിപ്പ്‌. ആശങ്കകളുടെ നാളുകൾക്കൊടുവിൽ ആശ്വാസതീരമണഞ്ഞിരിക്കുകയാണ്‌ തടവിലാക്കപ്പെട്ട മുളവുകാട്‌ സ്വദേശി മിൽട്ടൺ ഡിക്കോത്തയുടെയും സുൽത്താൻ ബത്തേരി വേങ്ങൂർകുന്ന് കുപ്പാടി പാറപ്ലാക്കൽ സനു ജോസിന്റെയും കുടുംബങ്ങൾ. മോചിതരായി കപ്പൽ പുറപ്പെട്ട വിവരമറിഞ്ഞതോടെ കുടുംബങ്ങൾ ഉറ്റവരെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്‌. കപ്പലിലെ വാട്ടർമാനാണ്‌ മിൽട്ടൺ. കപ്പൽ പുറപ്പെട്ട വിവരം വാട്‌സാപ്‌ ശബ്ദസന്ദേശത്തിലൂടെ മിൽട്ടൺ ഭാര്യയെയും ബന്ധു ആന്റണി ജോബിയെയും ഞായർ രാവിലെ അറിയിച്ചു. ‘‘ഞങ്ങൾ റിലീസായി ബ്രോ’’ എന്നുപറഞ്ഞാണ്‌ ശബ്ദസന്ദേശം ആരംഭിക്കുന്നത്‌. മുളവുകാട് മേത്തശേരി വീട്ടിൽ മിൽട്ടൺ ഡിക്കോത്തയുടെ ഭാര്യ ശീതളും മകൻ പതിനാലുകാരൻ ഹാഡ്‌വിനും ആ വരവിനായി കാത്തിരിക്കുകയാണ്‌.   മോചനവാർത്തയറിഞ്ഞ സനു ജോസിന്റെ ഭാര്യ മെറ്റിൽഡ ഞായറാഴ്‌ച രാവിലെ ആദ്യം പോയത്‌ പള്ളിയിൽ. പിടിയിലായ ചരക്കുകപ്പലിൽ ചീഫ് ഓഫീസറാണ് സനു ജോസ്. മെറ്റിൽഡ കുസാറ്റിലെ അസിസ്‌റ്റന്റ്‌ പ്രൊഫസറാണ്. മക്കളായ മൂന്നാംക്ലാസ്‌ വിദ്യാർഥി ബെനഡിക്ടും എൽകെജി വിദ്യാർഥിനി എലിസബത്തും അച്ഛനെ സ്വീകരിക്കാൻ കലൂർ–-കടവന്ത്ര റോഡ്‌ കുമാരനാശാൻ നഗറിലെ വീട്ടിൽ കാത്തിരിപ്പാണ്‌. ഞായർ രാവിലെ സനു ഭാര്യയും മക്കളുമായി വാട്‌സാപ്പിൽ സംസാരിച്ചിരുന്നു. കപ്പൽ പുറപ്പെട്ടെന്നും ഉടൻ എത്തുമെന്നും ഇളയമകൾ എലിസബത്ത്‌ എന്ന സേബയ്‌ക്ക്‌ അച്ഛന്റെ ഉറപ്പ്‌. കപ്പൽ പുറപ്പെട്ടതായി സനുവും മിൽട്ടണും കൊല്ലം സ്വദേശി വി വിജിത്തും പറയുന്ന വീഡിയോ ശനിയാഴ്‌ച രാത്രി ലഭിച്ചതായി മെറ്റിൽഡ പറഞ്ഞു. സനുവിന്‌ വിട്ടുമാറാത്ത തലവേദന വന്നെങ്കിലും ഡോക്ടറെ കാണാൻ സാധിച്ചത്‌ രണ്ടുമാസത്തെ കാത്തിരിപ്പിനൊടുവിലാണെന്നും മെറ്റിൽഡ കണ്ണീരോടെ ഓർമിച്ചു. ‘ജീവിതത്തിലെ 
വലിയൊരു 
കടമ്പ കടന്നുകിട്ടി ' "ജീവിതത്തിലെ വലിയൊരു കടമ്പ കടന്നുകിട്ടി. ഒൻപതു മാസം അനുഭവിച്ച വേദന വിവരണാതീതമാണ്. അവനെ നേരിൽക്കാണാൻ  കാത്തിരിക്കുകയാണ്.’–- നൈജീരിയയിൽ തടവിലായ മകൻ വിജിത്‌ വി നായർ ഉൾപ്പെടെ കപ്പൽ ജീവനക്കാർ മോചനം നേടിയതിന്റെ സന്തോഷത്തിലാണ്  നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായർ. "ഞായർ പുലർച്ചെ ഇന്ത്യൻ സമയം 3.30നാണ് നൈജീരിയയിൽനിന്ന് വിജിത്‌ ഉൾപ്പെടെയുള്ള സംഘം നാട്ടിലേക്കു തിരിച്ചത്. ഇന്ന്‌ ഉച്ചയ്ക്കും വിളിച്ചിരുന്നു. മകൻ കപ്പലിൽ ജോലിക്കു പോയിട്ട് ഞായറാഴ്ച ഒരു വർഷവും ഏഴുദിവസമായി. ഒൻപത് മാസമായി അവിടെ തടവിലാണ്. ഞങ്ങൾ ഓരോ നിമിഷവും നീറിക്കഴിയുകയായിരുന്നു. നാട്ടിലേക്ക് മടങ്ങാനായതിൽ അവർ എല്ലാവരും സന്തോഷത്തിലാണ്.'–-  ത്രിവിക്രമൻ നായർ പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽനിന്ന് ആഗസ്‌ത്‌ ഏഴിന്‌ എടിപിഒ ടെർമിനലിൽ വിഎൽസിസി ഹെയ്‌റോയ്‌ക്കൽ എന്ന കപ്പിലിൽ ക്രൂഡ്‌ ഓയിൽ നിറയ്‌ക്കാൻ നൈജീരിയയിലെ എത്തിയ വിജിത്തും സംഘവും തെറ്റിദ്ധാരണയുടെ പേരിൽ അറസ്റ്റിലാകുകയായിരുന്നു. കപ്പലിൽ തേഡ്‌ ഓഫീസറായ വിജിത്‌ ഉൾപ്പെടെ  ഇന്ത്യക്കാരും വിദേശികളും അടങ്ങുന്ന സംഘം മലാബോ ഐലൻഡിൽ മൂന്നുമാസം തടങ്കലിൽ കഴിഞ്ഞു. തുടർന്ന്‌ ഇവരെ നൈജീരിയയിലേക്ക്‌ കൊണ്ടുപോകുകയായിരുന്നു.   Read on deshabhimani.com

Related News