ഒറ്റമഴയിൽ മുങ്ങി തൊടുപുഴ നഗരം; പ്രധാന കവലകളെല്ലാം വെള്ളത്തിൽ

ശക്തമായ മഴയിൽ തൊടുപുഴ കെ കെ ആർ ജങ്‌ഷനിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ കൈക്കുഞ്ഞിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്ന അഗ്നിശമന സേനാംഗങ്ങൾ


തൊടുപുഴ > ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ അമർന്ന്‌ തൊടുപുഴ നഗരം. നഗരത്തിലെ പ്രധാന കവലകളെല്ലാം വെള്ളത്തിൽ മുങ്ങി. നിരവധി വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ചിലയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. 
 മങ്ങാട്ടുകവല– മുതലക്കോടം റോഡ്, കാരിക്കോട്, റോട്ടറി ജങ്‌ഷൻ, അമ്പലം ബൈപ്പാസ്, കല്യാൺ സിൽക്‌സിന്‌ സമീപം, കെ കെ ആർ ജങ്‌ഷൻ, മൗണ്ട് സീനായ്– വടക്കുംമുറി റോഡ്‌, മണക്കാട്‌ ജങ്‌ഷൻ എന്നിവിടങ്ങളിലാണ്‌ കനത്തമഴ പ്രതിസന്ധി സൃഷ്ടിച്ചത്‌. 
   പകൽ രണ്ടോടെയാണ്‌ മഴ ആരംഭിച്ചത്‌. വൈകിട്ട്‌ അഞ്ചുവരെ ശക്തിയായി പെയ്‌തു. ഓടകളിലെ വെള്ളമൊഴുക്ക്‌ തടസ്സപ്പെട്ട്‌ നിമിഷനേരം കൊണ്ടാണ്‌ പലയിടങ്ങളിലും റോഡിൽ വെള്ളം ഉയർന്നത്‌. വ്യാപാരസ്ഥാപനങ്ങളിലെ നാശനഷ്‌ടം തിട്ടപ്പെടുത്തുന്നതേയുള്ളൂ. കനത്ത മഴയിൽ കാരിക്കോട് ക്ഷേത്രത്തിന്റെ കുളത്തിന്റെ മതിലും ഇടിഞ്ഞുവീണു.   കൈക്കുഞ്ഞിനെ രക്ഷിച്ച്‌ അഗ്നിശമനസേന   തൊടുപുഴയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട വീട്ടിൽനിന്ന് മൂന്നുമാസം പ്രായമായ കുഞ്ഞിനെ അഗ്നിശമനസേന സുരക്ഷിതമായി മാറ്റി. കെ കെ ആർ ജങ്‌ഷനിൽനിന്ന് മങ്ങാട്ടുകവല നാലുവരി പാതയിലേക്ക് തിരിയുന്ന ഭാഗത്തെ വീട്ടിൽനിന്നാണ്‌ കുഞ്ഞിനെ രക്ഷിച്ചത്‌.   പകൽ മൂന്നരയോടെ ഈ ഭാഗത്ത്‌ നിരവധി വീടുകളിൽ വെള്ളം കയറി. ഇതിൽ ഒരു വീട്ടിലാണ്‌ കുഞ്ഞുണ്ടായിരുന്നത്‌. വെള്ളം വീണ്ടും ഉയർന്നതോടെ വീട്ടുകാർ ഭയന്നു. കുഞ്ഞുമായി വെള്ളത്തിലൂടെ പുറത്തേക്ക് പോകുന്നത് അപകടമാണെന്ന് മനസ്സിലായതോടെ വീട്ടുകാർ അഗ്നിരക്ഷാസേനയെ വിളിച്ചു. അവർ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചു.   അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ കെ എം നാസർ, സീനിയർ ഫയർ ഓഫീസർമാരായ കെ എ ജാഫർഖാൻ, ടി ഇ അലിയാർ, ഫയർ ഓഫീസർമാരായ ആർ നിധീഷ്, മുബാറക്ക്, ജിഷ്ണു, അയൂബ്, സുനിൽ എം കേശവൻ, ഹോംഗാർഡ് ബെന്നി എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News