മഴ കനക്കും; 9 ജില്ലയിൽ ഇന്ന്‌ മഞ്ഞ അലർട്ട്‌

ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടര്‍ ഞായറാഴ്ച ഉയര്‍ത്തിയപ്പോള്‍- ഫോട്ടോ: വി കെ അഭിജിത്‌


തിരുവനന്തപുരം> ബംഗാൾ ഉൾക്കടലിൽ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമാകും. നിലവിൽ ശക്തികൂടിയ ന്യൂനമർദം ഒഡിഷ, ഛത്തീസ്‌ഗഢ്‌ മേഖലയിലൂടെ സഞ്ചരിച്ച്‌ ചൊവ്വയോടെ തീവ്ര ന്യൂനമർദമാകാനാണ്‌ സാധ്യത. മഹാരാഷ്ട്രതീരം മുതൽ വടക്കൻ കേരള തീരംവരെ ന്യൂനമർദ പാത്തിയും അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്‌. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത്‌ വ്യാഴംവരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. തിങ്കൾ കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും ചൊവ്വ കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ (ശക്തമായ മഴ). എട്ട്‌ അണക്കെട്ടിൽ റെഡ്‌ അലർട്ടും (മൂന്നാംഘട്ട മുന്നറിയിപ്പ്‌) മൂന്നു അണക്കെട്ടിൽ വീതം ഓറഞ്ചും (രണ്ടാംഘട്ട മുന്നറിയിപ്പ്‌) നീലയും (ഒന്നാംഘട്ട മുന്നറിയിപ്പ്‌) അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്‌. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോരത്ത്‌ ജാഗ്രത തുടരണം. ജലാശയങ്ങളിൽ ഇറങ്ങരുത്‌. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ബുധൻവരെയും കർണാടക തീരത്ത്‌ വ്യാഴംവരെയും 65 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യത. മീൻപിടിത്തം പാടില്ല. കേരള തീരത്ത് തിങ്കൾ രാത്രിവരെ 3.7 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്‌. Read on deshabhimani.com

Related News