അതിതീവ്ര മഴ: എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്തണം - മുഖ്യമന്ത്രി



തിരുവനന്തപുരം> മഴ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വരും ദിവസങ്ങളിലും  മഴ തുടരും. മുന്നറിയിപ്പുകള്‍ പ്രാധാന്യത്തോടെ കാണണം. അടുത്ത ആഴ്ചയോടെ ബംഗാള്‍ ഉല്‍ക്കടലില്‍ ന്യൂനമര്‍ദ രൂപീകരണ സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍  വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. അതുകൂടി മുന്നില്‍ കണ്ടുള്ള സജ്ജീകരണങ്ങളാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരുക്കുന്നത്. അണക്കെട്ടുകളില്‍ നിന്ന് വളരെ നിയന്ത്രിത അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നത്. ഇതോടൊപ്പം വനമേഖലയിലും മലയോരങ്ങളിലെയും ശക്തമായ മഴയില്‍ എത്തുന്ന പെയ്ത്തുവെള്ളം കൂടി ആവുമ്പോള്‍ ഒഴുക്ക് ശക്തിപ്പെടാനും ജലനിരപ്പ് ഉയരനും സാധ്യതയുണ്ട്. അതുകൊണ്ട് നദിക്കരയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണം. ഡാമുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്ന റൂള്‍ കര്‍വ് മോണിറ്ററിങ് കമ്മിറ്റി ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദേശിയ ദുരന്ത നിവാരണ സേനയുടെ 9  സംഘങ്ങളെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചതായി  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,  പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍ എറണാകുളം ജില്ലകളിലാണ് സേനയെ വിന്യസിച്ചിരിക്കുന്നത്. കൂടുതല്‍ ടീമുകളെ  ആവശ്യപ്പെട്ടിട്ടുമുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി , ഡിഫെന്‍സ് സര്‍വീസസ് കോപ്സ്  എന്നിവയുടെ രണ്ടു ടീമുകളെ വീതവും ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ ഓരോ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.മഴക്കെടുതിയോടനുബന്ധിച്ച് 20 മരണങ്ങളാണ് ഇതുവരെ സംഭവിച്ചിട്ടുള്ളത്. വിവിധ ജില്ലകളിലായി 212 ദുരിതാശ്വാസ ക്യാമ്പുകളാണ് സംസ്ഥാനത്തു പ്രവര്‍ത്തിച്ചു വരുന്നത്. 6285 ആളുകളാണ് പ്രസ്തുത ക്യാമ്പുകളില്‍ താമസിച്ചു വരുന്നത്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവരെയും എറണാകുളം ജില്ലയില്‍ ചാലക്കുടിപ്പുഴയുടെ തീരം ഉള്‍ക്കൊള്ളുന്ന പുത്തന്‍വേലിക്കര, കുന്നുകര, ചേന്ദമംഗലം, പാറക്കടവ് പഞ്ചായത്തുകളിലും  ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News