മഴക്കെടുതി: സംസ്ഥാനത്ത് 12 പേർ മരിച്ചു, 3 പേരെ കാണാതായി, 27 വീടുകൾ പൂർണമായും തകർന്നു

കണ്ണൂര്‍ നെടുപൊയില്‍- മാനന്തവാടി റോഡില്‍ മണ്ണിടിഞ്ഞ് റോഡ് തകര്‍ന്ന നിലയില്‍


തിരുവനന്തപുരം> സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ചൊവ്വാഴ്‌ച സംസ്ഥാനത്താകെ മഴ വൻനാശം വിതച്ചു. ചൊവ്വ മാത്രം സംസ്ഥാനത്ത്‌ ആറു മരണം റിപ്പോർട്ട്‌ ചെയ്‌തു. ആകെ മരണം 12 ആയി. മൂന്നു പേരെ കാണാതായി. മൂന്നു പേർക്ക്‌ പരിക്കേറ്റു. 27 വീട്‌ പൂർണമായും 126 വീട്‌ ഭാഗികമായും തകർന്നു. 95 ക്യാമ്പിലായി 2291 പേരെ മാറ്റിപ്പാർപ്പിച്ചു. രണ്ടു ദിവസംകൂടി അതിതീവ്ര മഴ തുടരുമെന്നാണ്‌ മുന്നറിയിപ്പ്‌. ബുധൻ 10 ജില്ലയിൽ റെഡ്‌ അലർട്ടും 4 ജില്ലയിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്‌. ആറു നദികളിൽ കേന്ദ്ര ജല കമീഷൻ പ്രളയസാധ്യത മുന്നറിയിപ്പ് നൽകി. അച്ചൻകോവിൽ, ഗായത്രിപ്പുഴ, മീനച്ചിലാർ എന്നിവയിൽ ഓറഞ്ച് അലർട്ടാണ്. മണിമലയാർ, നെയ്യാർ, കരമനയാർ എന്നിവയിലും പ്രളയ മുന്നറിയിപ്പുണ്ട്. മണിമലയാർ രണ്ടിടങ്ങളിൽ അപകടനിലയ്‌ക്ക്‌ മുകളിലാണ്‌ വെള്ളം. കോട്ടയത്ത്‌ ഒരിടത്തും കണ്ണൂരിൽ നാലിടത്തും ഉരുൾപൊട്ടി. നദികൾ കരകവിഞ്ഞൊഴുകുകയാണ്‌. ശക്തമായ മഴയിലും കാറ്റിലും വീടുകൾ തകർന്നു. മരങ്ങൾ കടപുഴകി പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കടൽക്ഷോഭത്തിൽ തീരമേഖലകളിലും വൻനാശമുണ്ട്‌. കേരളം, ലക്ഷദ്വീപ്‌ തീരങ്ങളിൽ വ്യാഴംവരെയും കർണാടകയിൽ ശനി വരെയും മീൻപിടിത്തം നിരോധിച്ചു. Read on deshabhimani.com

Related News