സംസ്ഥാനത്ത്‌ അഞ്ച്‌ ദിവസം മഴയ്‌ക്ക്‌ സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്‌



തിരുവനന്തപുരം > സംസ്ഥാനത്ത്‌ അടുത്ത അഞ്ച്‌ ദിവസം മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ  ജില്ലകളിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചു. 28-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്. 29-11-2021: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌  മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. ചക്രവാതചുഴി (cyclonic circulation) നാളെയോടെ അറബികടലിൽ പ്രവേശിക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ.ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം  തെക്കൻ ആൻഡമാൻ കടലിൽ നാളെയോടെ  രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. Read on deshabhimani.com

Related News