മഴ ശക്തമാകുകയാണ്; ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുപ്പ് നടത്തി: മുഖ്യമന്ത്രി



തിരുവനന്തപുരം> മഴ ശക്തമാകുന്ന സൂചനയാണ് ലഭിക്കുന്നതെന്നും ഏത് സാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നേരത്തെ അടയാളപ്പെടുത്തി. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ഈ ഘട്ടത്തില്‍ മാറിത്താമസിക്കാന്‍ തയ്യാറാകണം.അത്തരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അപകട സാധ്യതയുള്ള ദിവസങ്ങളില്‍ അവിടെ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി മുന്‍കൂട്ടി മാറിത്താമസിക്കണം. എല്ലാ മനുഷ്യ ജീവനും വിലപ്പെട്ടതാണെന്ന് കണക്കാക്കി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം. ഇതിന് എല്ലാവരും സഹകരിക്കണം. എല്ലായിടവും ഈ പറയുന്ന അപകടം ഉണ്ടായെന്ന് വരില്ല. ജില്ലാ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ആരും വൈമുഖ്യം കാണിക്കരുത്. ജീവന്‍ രക്ഷ വളരെ പ്രധാനം. എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു മലവെള്ളപ്പാച്ചില്‍ വന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. അങ്ങിനെ വരുമ്പോള്‍ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. നേരത്തെ തന്നെ ഇത്തരം പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കണം. ആവശ്യമായ ഒരുക്കം നടത്തി മാറേണ്ട ഘട്ടമാകുമ്പോള്‍ ഉടനെ മാറണം. അക്കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം പൂര്‍ണ്ണമായും സഹകരിക്കണം. ഇങ്ങനെ മാറിത്താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.  നേരത്തെ കൂട്ടമായി താമസിക്കാമായിരുന്നു. ഇപ്പോള്‍ കൃത്യമായ ശാരീരിക അകലം പാലിക്കണം. ജില്ലാ ഭരണകൂടം ആ നിലയ്ക്ക് കാര്യങ്ങള്‍ നടത്തുന്നു. നഗരങ്ങളില്‍ ചില വെള്ളക്കെട്ടുകള്‍ ഉണ്ടായി. അവിടെ നിന്നും മാറിത്താമസിക്കണം. ഇത്തരം മാറിത്താമസിക്കല്‍ അധികൃതരുടെ അറിയിപ്പിന് ശേഷം മതി. നമ്മുടെ ചില ജില്ലകള്‍ ഉരുള്‍പൊട്ടല്‍ സാധ്യത വളരെയധികം ഉള്ള സ്ഥലങ്ങളാണ്. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം പാലക്കാട് എന്നിവിടങ്ങളില്‍ പ്രത്യേക ജാഗ്രത വേണം. മലയോര പ്രദേശങ്ങളിലെല്ലാം കൂടുതല്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കണം. ഡാമുകളില്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ അണക്കെട്ടുകള്‍ നിറഞ്ഞു കവിയുന്ന സ്ഥിതിയില്ല. ചെറിയ അണക്കെട്ടുകളില്‍ മഴ കനത്താല്‍ വെള്ളം വേഗം നിറയും. അങ്ങിനെ വന്നാല്‍ മുന്‍കൂട്ടി അറിയിച്ച് അണക്കെട്ട് തുറക്കും. അത്തരം പ്രദേശങ്ങളില്‍ ഉള്ളവരും ഈ കരുതല്‍ മനസില്‍ സൂക്ഷിക്കണം. എറണാകുളത്ത് വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ കളക്ടറോട് സംസാരിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. ചീഫ് സെക്രട്ടറി ജില്ലാ കളക്ടറുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടി സ്വീകരിക്കും.   Read on deshabhimani.com

Related News