മഴ: അതീവ ജാഗ്രത വേണം–മുഖ്യമന്ത്രി



തിരുവനന്തപുരം > സംസ്ഥാനത്ത്‌ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. മലയോരമേഖലകളിൽ ഉള്ളവരെ മുൻകരുതലായി ക്യാമ്പുകളിലേക്ക് മാറ്റണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി മഴ തുടങ്ങുമ്പോൾ ക്യാമ്പുകളിലേക്ക് മാറ്റണം. കോവിഡ് മാനദണ്ഡം പാലിക്കണം. പശ്ചിമഘട്ട മലയോരമേഖലകളിൽ രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെ ഗതാഗതം നിയന്ത്രിക്കുക. ജില്ലാ, താലൂക്ക് കൺട്രോൾ റൂമുകൾ 24 മണിക്കൂറും ജാഗരൂകമാകണം. പൊലീസും അഗ്നിരക്ഷാ സേനയും തയ്യാറാകണം. കടലാക്രമണം രൂക്ഷമായ മേഖലയിലും ക്യാമ്പുകൾ സജ്ജീകരിക്കണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്‌. ലൈനുകളുടെയും ട്രാൻസ്‌ഫോർമറുകളുടെയും അപകടസാധ്യത പരിശോധിച്ച് മുൻ‌കൂർ നടപടി എടുക്കണം. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിച്ച്‌ സ്ഥിതിഗതി ദുരന്ത നിവാരണ അതോറിറ്റികളെ യഥാസമയം അറിയിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. Read on deshabhimani.com

Related News