കോട്ടയം മെഡിക്കൽ കോളേജ്‌ എട്ടാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയം



ഏറ്റുമാനൂർ> കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എട്ടാമത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയയും വിജയകരമായി പൂർത്തീകരിച്ചു. ചങ്ങനാശേരി പായിപ്പാട് മുട്ടത്തേട് എം ആർ രാജേഷിനാണ് (35) ഹൃദയം മാറ്റിവച്ചത്. എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച മഹാരാഷ്ട സ്വദേശിനി ശ്യാമള രാമകൃഷ്‌ണ‌ന്റെ (52) ഹൃദയം രാജേഷിൽ തുന്നിച്ചേർത്തു. വെള്ളി രാത്രി 7.40നാണ്‌ ശ്യാമളയ്‌ക്ക്‌ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചത്‌. മകൻ സുബ്രഹ്മണ്യൻ രാമകൃഷ്‌ണൻ ശ്യാമളയുടെ ഹൃദയം നൽകാൻ സന്നദ്ധത അറിയിച്ചു. സഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്‌ത്‌ ഒരു വർഷമായി കാത്തിരുന്ന രാജേഷിന്‌ രാത്രി 11.30ന് മെഡിക്കൽ കോളേജിൽനിന്ന് ഫോൺ വിളി വന്നു. ഹൃദയമാറ്റ ശസ്‌ത്രക്രിയക്ക്‌ സജ്ജമായി എത്താൻ നിർദേശിച്ചു. നാല് വർഷം മുമ്പാണ് രാജേഷ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്‌ക്കായി എത്തിയത്. കാർഡിയോ മയോപ്പതിയാണെന്ന്‌ കണ്ടെത്തി. ഹൃദയം മാറ്റിവയ്‌ക്കൽ മാത്രമാണ്‌ പോംവഴിയെന്ന് ഡോക്‌ടർമാർ വിലയിരുത്തി. ശനിയാഴ്‌ച ഡോ. ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തേക്ക്‌ തിരിച്ചു. പകൽ 12.50ന് കോട്ടയം മെഡിക്കൽ കോളേജിൽ തിരിച്ചെത്തി. ഡോ. ടി കെ ജയകുമാറിനോടൊപ്പം ഡോ. എൻ സി രതീഷ്, ഡോ. പ്രവീൺ, ഡോ. വിനീത, ഡോ. ശിവപ്രസാദ്, ഡോ. രതികൃഷ്‌ണൻ, അനസ്തേഷ്യാ വിഭാഗത്തിലെ ഡോ. തോമസ്, ഡോ. മഞ്ജുഷ, ഡോ. സഞ്ജീവ് തമ്പി, നഴ്സുമാരായ ടിറ്റോ, മനു, ലിനു, ടെക്നിക്കൽ വിഭാഗത്തിലെ അശ്വതി പ്രസീത, രാഹുൽ, പെർഫ്യൂഷനിസ്റ്റുമാരായ രാജേഷ് മുള്ളൻകുഴി, അശ്വതി, വിഷ്‌ണു എന്നിവരടങ്ങുന്ന സംഘമാണ് രണ്ടര മണിക്കൂർ നീണ്ട ശസ്‌ത്ര‌ക്രിയക്ക്‌ നേതൃത്വം നൽകിയത്‌. തുടർന്ന് രാജേഷിനെ കാർഡിയോളജി ഐസിയുവിൽ നിരീക്ഷണത്തിലാക്കി.   Read on deshabhimani.com

Related News