ജീവനെടുക്കുന്നതിൽ മുന്നിൽ ഹൃദയാഘാതം ; ആകെ മരണത്തിൽ 21.39 ശതമാനം



തിരുവനന്തപുരം സംസ്ഥാനത്ത്‌ കൂടുതൽ പേർ മരിക്കുന്നത്‌ ഹൃദയാഘാതം മൂലമെന്ന്‌ റിപ്പോർട്ട്‌. 2021ൽ ആകെ രജിസ്റ്റർ ചെയ്ത 3,39,649 മരണങ്ങളിൽ 21.39 ശതമാനവും ഹൃദയാഘാതം മൂലമാണ്. ഇതിൽ 12.94 ശതമാനം പുരുഷൻമാരും 8.45 ശതമാനം സ്‌ത്രീകളുമാണ്‌. ഇക്കണോമിക്സ്‌ ആൻഡ്‌ സ്റ്റാറ്റിസ്റ്റിക്സ്‌വകുപ്പിന്റെ 2021ലെ വാർഷിക റിപ്പോർട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. അർബുദം, പ്രമേഹം, ആസ്‌ത്-മ, കരൾരോഗം, റോഡ്‌ അപകടങ്ങൾ, ആത്മഹത്യ, വൃക്കരോഗം, രക്താതിമർദം തുടങ്ങിയവയും പ്രധാന കാരണങ്ങളാണ്‌. 2021ൽ കോവിഡ്‌ ബാധിച്ചുള്ള മരണങ്ങളും റിപ്പോർട്ട്‌ ചെയ്‌തിരുന്നു.ആസ്‌തമ മൂലം 7.48 ശതമാനം പേർ മരിച്ചു. അർബുദവും പ്രധാന കാരണമാകുന്നുണ്ട്‌. 2021ൽ അർബുദ ബാധിതരായി 6.4 ശതമാനം പേരാണ്‌ മരിച്ചത്‌. സംസ്ഥാനത്ത്‌ 70 വയസിന്‌ മുകളിലുള്ളവരാണ്‌ കൂടുതലായി മരണപ്പെടുന്നത്‌. ആകെ രജിസ്റ്റർ ചെയ്ത മരണങ്ങളിൽ 57.78 ശതമാനവും 70 വയസിന്‌ മുകളിലുള്ളവരാണ്‌. കൂടുതൽപേർ ജീവിതശൈലി രോഗങ്ങൾക്ക്‌ ചികിത്സ തേടുന്ന കേരളത്തിൽ യുവാക്കളിലും ആശങ്കയുയർത്തുംവിധം ഹൃദയാഘാതം റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. സാധാരണയായി 45 വയസ്സ്‌ പിന്നിട്ട പുരുഷൻമാരിലും 55 വയസ്സ്‌ പിന്നിട്ട സ്‌ത്രീകളിലുമാണ് ഹൃദയാഘാതം ഉണ്ടാകാറ്‌. പുകവലി, ഉയർന്ന രക്താതിമർദം, കൊളസ്‌ട്രോൾ, അമിതവണ്ണം, പ്രമേഹം, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതി, ലഹരി ഉപയോഗം എന്നിവയൊക്കെ ഹൃദയാഘാതത്തിന്‌ കാരണങ്ങളാണ്‌. അതിനാൽ പ്രായം ഇതിനൊരു മാനദണ്ഡമല്ലെന്ന്‌ വിദഗ്ധരും പറയുന്നു. Read on deshabhimani.com

Related News