ഹരിയാനയിലെ അ​ഗ്രി സ്റ്റാര്‍ട്ടപ്പിന് 
വാഴക്കുളത്തെ പൈനാപ്പിള്‍



കൊച്ചി > വാഴക്കുളത്തെ പൈനാപ്പിൾ കർഷകർ ഹരിയാനയിലെ സ്റ്റാർട്ടപ് കമ്പനിക്ക് റെയിൽവഴി പൈനാപ്പിൾ അയച്ചു. ബുധനാഴ്ച എറണാകുളത്തുനിന്ന്‌ ഡൽഹിക്ക് പോയ നിസാമുദീൻ എക്‌സ്‌പ്രസിലാണ് വാഴക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ ഇന്ത്യാ പൈനാപ്പിൾ ഫാർമേഴ്‌സ് അസോസിയഷൻ അഗ്രി സ്റ്റാർട്ടപ്പായ ഡിയെം അഗ്രോയ്ക്ക് രണ്ടര ടൺ പൈനാപ്പിൾ അയച്ചത്. മലയാളിയായ ബിബിൻ മാനുവലിന്റെ നേതൃത്വത്തിലുള്ള കമ്പനി രാജ്യത്തിന്റെ  വിവിധ ഭാ​ഗങ്ങളിൽനിന്നുള്ള കാർഷികോൽപ്പന്നങ്ങൾ ഉത്തരേന്ത്യയിൽ എത്തിച്ച് ഓൺലൈനിലൂടെയും നേരിട്ടും വിതരണം ചെയ്യുന്ന സംരംഭമാണിത്‌. അസോസിയേഷൻ ആദ്യമായാണ് ഡൽഹിയിലേക്ക് റെയിൽവഴി പൈനാപ്പിൾ അയക്കുന്നത്‌.  സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെയും റെയിൽവേയുടെയും പിന്തുണയോടെയുള്ള പദ്ധതി വിജയിച്ചാൽ റെയിൽവഴി കൂടുതൽ പൈനാപ്പിൾ തുടർച്ചയായി അയക്കാനാണ് തീരുമാനമെന്നും അസോസിയേഷൻ പ്രസിഡന്റ് ജയിംസ് ജോർജ് തോട്ടുമാറി പറഞ്ഞു. അസോസിയേഷൻ ആസ്ഥാനത്ത് നടന്ന ഫ്ലാ​ഗ് ഓഫ് ചടങ്ങിൽ ഡയറക്ടർബോർഡ് അം​ഗം സുനിൽ ജോർജ് കോടാമുള്ളിൽ, ജോയിന്റ് സെക്രട്ടറി വി എം ജോസുകുട്ടി വെട്ടിയാങ്കൽ, അസോസിയേഷൻ വൈസ് പ്രസിഡന്റ് വി പി ആന്റണി വെട്ടിയാങ്കൽ എന്നിവരും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ സതേൺ റെയിൽവേ ചീഫ് കമേഴ്‌സ്യൽ ഇൻസ്‌പെക്ടർ ആർ അരുൺകുമാർ, ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ഗണേഷ് വെങ്കിടാചലം എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News