ലൈംഗികാധിക്ഷേപം: ‘ഹരിത’ നാളെ വനിതാകമീഷന്‌ മൊഴി നൽകും



കോഴിക്കോട് > എംഎസ്‌എഫ്‌ സംസ്ഥാന പ്രസിഡന്റിന്റെ ലൈംഗികാധിക്ഷേപത്തെക്കുറിച്ച്‌ ഹരിത പ്രവർത്തകർ തിങ്കൾ വനിതാ കമീഷന്‌ മൊഴി നൽകും. കോഴിക്കോട്‌ ടൗൺഹാളിലാണ്‌ അദാലത്ത്‌. സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി എ വഹാബ്   എന്നിവർ നടത്തിയ സ്‌ത്രീവിരുദ്ധവും അധിക്ഷേപാർഹവുമായ പരാമർശങ്ങളെക്കുറിച്ച്‌ പരാതി നൽകിയിരുന്നു. ജൂൺ 22ന് കോഴിക്കോട്ട്‌ ചേർന്ന എംഎസ്എഫ്‌ സംസ്ഥാന കമ്മിറ്റിയിൽ നവാസ് മോശമായി സംസാരിച്ചെന്നും വഹാബ് ഫോൺവഴി അശ്ലീലം പറഞ്ഞെന്നുമാണ്‌ പരാതി.എംഎസ്‌എഫ്‌ വനിതാവിഭാഗമായ ഹരിത യുടെ മുൻ ഭാരവാഹികളായ പത്തുപേരാണ്‌ പരാതി നൽകിയത്‌. മുസ്ലിംലീഗ്‌ നേതാക്കൾക്ക്‌ പരാതി നൽകിയിട്ടും പരിഗണിക്കാത്തതിനാലാണ്‌ വനിതാകമീഷനെ സമീപിച്ചത്‌. പരാതി പിൻവലിക്കാൻ ലീഗ്‌ നേതൃത്വം കനത്ത സമ്മർദ്ദം ചെലുത്തിവരുന്നുണ്ട്‌. പരാതി നൽകിയതിന്‌ പ്രതികാരമായി ഹരിത സംസ്ഥാന കമ്മിറ്റി ലീഗ്‌ പിരിച്ചുവിട്ടിരുന്നു. ഇവർക്ക്‌ പിന്തുണയേകിയ എംഎസ്‌എഫ്‌ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഫാത്തിമ തഹ്ലിയയെ സ്ഥാനത്തുനിന്ന്‌ നീക്കുകയുമുണ്ടായി. ഹരിത നൽകിയ പരാതിയിൽ പറയുന്ന നവാസിനെ എംഎസ്‌എഫ്‌ പ്രസിഡന്റ്‌ സ്ഥാനത്തു നിന്ന്‌ മാറ്റാൻ ലീഗ്‌ ഇതുവരെ  തയ്യാറായിട്ടില്ല. പാണക്കാട്‌ സാദിഖലി തങ്ങളാണ്‌ നവാസിനെ സംരക്ഷിക്കുന്നതെന്നാണ്‌ ആരോപണം. Read on deshabhimani.com

Related News