ഹാരിസിന്റെ മരണം 
കൊലപാതകമെന്ന്‌ സംശയം; ഷൈബിന്റെ ലാപ്ടോപ്പിലേതെന്ന്‌ കരുതുന്ന ശബ്‌ദസന്ദേശം

ഹാരിസിന്റെ മാതാപിതാക്കൾ, ഹാരിസ്‌


കുന്നമംഗലം > ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസ് തത്തമ്മപറമ്പിലിന്റെ മരണത്തിൽ ദുരൂഹത വർധിക്കുന്നു. നിലമ്പൂരിലെ വൈദ്യന്റെ മരണത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ഷൈബിൻ അഷ്റഫിന്റെ ലാപ്ടോപ്പിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന ശബ്ദസന്ദേശങ്ങളാണ്‌ മരണം കൊലപാതകമെന്നതിലേക്ക്‌ വിരൽ ചൂണ്ടുന്നത്‌. മരണത്തിൽ അന്ന്‌ വീട്ടുകാരും നാട്ടുകാരും സംശയമുയർത്തിയിരുന്നു. നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്‍ അഷ്‌റഫാണ് ഹാരിസിന്റെ കൊലപാതകത്തിന് പിന്നിലെന്നും സംഭവത്തില്‍ നീതി ലഭിക്കണമെന്നും ഹാരിസിന്റെ മാതാവ് സൈറാബി പറഞ്ഞു.   2020 മാർച്ചിലാണ്‌ അബുദാബിയിലെ  മുറിയിൽ ഹാരിസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. കൂടെ ഒരു യുവതിയും മുറിയിൽ മരണപ്പെട്ടിരുന്നു. ഹാരിസ് കൈ ഞരമ്പ് മുറിച്ചും കൂടെയുണ്ടായിരുന്ന യുവതി ശ്വാസം മുട്ടിയും മരിച്ചു എന്ന വിവരമാണ്  വീട്ടുകാർക്ക്‌ ലഭിച്ചത്. എന്നാൽ ആത്മഹത്യ ചെയ്യേണ്ടതായ വിഷയങ്ങളൊന്നുമില്ലെന്നും ഹാരിസ്‌ അങ്ങനെ ചെയ്യില്ലെന്നും വീട്ടുകാർ പറഞ്ഞിരുന്നു.  എന്നാൽ അബുദാബി പൊലീസ് കേസ്‌ ആത്മഹത്യയായി  എഴുതിത്തള്ളി.   ഇപ്പോൾ ഷൈബിന്റെ ലാപ്ടോപ്പിലേതെന്ന് പറഞ്ഞ് പ്രചരിക്കുന്ന വാർത്തകളിലും ശബ്ദ സന്ദേശങ്ങളിലും ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം നടത്തണമെന്നും കുറ്റവാളികളെ  നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നുമാണ്‌ നാട്ടുകാരുടെയും വീട്ടുകാരുടെയും ആവശ്യം. ആവശ്യമുന്നയിച്ച്‌ കോഴിക്കോട് സിറ്റി പോലീസ് കമീഷണർക്കും മലപ്പുറം  എസ്‌പിക്കും ഡിവൈഎഫ്ഐ മലയമ്മ മേഖലാ കമ്മിറ്റി പരാതി നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News