ഹരിദാസൻ വധം; പ്രതികളായ രണ്ട്‌ ബിജെപിക്കാരുടെ ജാമ്യാപേക്ഷ തള്ളി



തലശേരി > സിപിഐ എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ പ്രതികളായ രണ്ട്‌ ബിജെപി ആർഎസ്‌എസ്‌ പ്രവർത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി. ഒന്നാംപ്രതി കെ ലിജേഷ്‌, പതിനൊന്നാം പ്രതി പ്രജിത്തിന്റെയും ജാമ്യാപേക്ഷകളാണ്‌ തള്ളിയത്‌. കൊലപാതകത്തിൽ നേരിട്ട്‌ പങ്കെടുത്തവരാണ്‌ പ്രതികളെന്നും ജാമ്യം അനുവദിക്കരുതെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ കെ അജിത്ത്‌കുമാർ വാദിച്ചിരുന്നു. ബിജെപി മണ്ഡലം പ്രസിഡന്റായ ഒന്നാംപ്രതിയാണ്‌ ഗൂഢാലോചന നടത്തി ആയുധങ്ങൾ ശേഖരിച്ചു നൽകിയത്‌. ഹരിദാസനെ ഭാര്യയുടെയും കുടുംബത്തിന്റെയും മുന്നിലിട്ട്‌ വെട്ടിക്കൊന്ന സംഘത്തിലും ഉണ്ടായിരുന്നു. തലശേരി, ന്യൂമാഹി സ്‌റ്റേഷൻ പരിധിയിൽ ഏഴ്‌ കേസിൽ പ്രതിയാണ്‌ ലിജേഷ്‌.   ഇങ്ങനെ ഒരാളെയാണോ കൗൺസിലറായി ജനം തെരഞ്ഞെടുത്തതെന്ന്‌ വാദത്തിനിടെ അഡീഷനൽ ജില്ലാ സെഷൻസ്‌ (ഒന്ന്‌) ജഡ്‌ജി എ വി മൃദുല ചോദിച്ചു. ബിജെപി മണ്ഡലം സെക്രട്ടറികൂടിയായ 11ാം പ്രതി പ്രീതിഷ്‌ എന്ന മൾട്ടി പ്രജിയും ഗൂഢാലോചനയിലും കൊലപാതകത്തിലും നേരിട്ട്‌ പങ്കെടുത്തു. പള്ളൂർ പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ എട്ട്‌ കേസിലും ചൊക്ലി സ്‌റ്റേഷൻ പരിധിയിൽ ഒരു കേസിലും പ്രതിയാണ്‌ മൾട്ടി പ്രജി. കേസുകളിൽ രണ്ടെണ്ണം കൊലപാതകവും അഞ്ചെണ്ണം ബോംബ്‌ കേസുമാണ്‌ - പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. നേരത്തെ പത്ത്‌ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഫെബ്രുവരി 21ന്‌ പുലർച്ചെയാണ്‌ ആർഎസ്‌എസ്‌ -ബിജെപിക്കാർ ചേർന്ന്‌ ഹരിദാസനെ കൊലപ്പെടുത്തിയത്‌. Read on deshabhimani.com

Related News