ഹലാല്‍ ശര്‍ക്കര: ബിജെപി പ്രചാരണം പൊളിയുന്നു; കമ്പനി ശിവസേനാ നേതാവിന്റേത്



കോഴിക്കോട്‌ > ശബരിമലയിൽ  ഹലാൽ ശർക്കരയെന്ന  ബിജെപി പ്രചാരണം പൊളിയുന്നു.  ശർക്കര ഹലാലാണെന്നും മുസ്ലിം മാനേജ്‌മെന്റിനു കീഴിലുള്ള കമ്പനിയാണ്‌ നൽകുന്നത്‌ എന്ന തരത്തിലാണ്‌  ബിജെപി നവമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തിയത്‌.   ശർക്കര നിർമിക്കുന്നത് പുണെയിലെ വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡാണ്‌.  കമ്പനിയുടെ  ചെയർമാൻ ധൈര്യശീൽ ധ്യാൻദേവ് കദം മഹാരാഷ്ട്രയിലെ പ്രധാന ശിവസേനാ  നേതാവാണ്‌.  ഇത്‌ പുറത്തായതോടെയാണ്‌ ഹലാൽ വിവാദം ചീറ്റിയത്‌.   ശബരിമലയിൽ അരവണ, അപ്പം നിർമാണത്തിന് ഹലാൽ ശർക്കര ഉപയോഗിച്ചെന്നായിരുന്നു ബിജെപി പ്രചാരണം. ശബരിമലയിൽ പോലും ഹലാൽ ശർക്കര ഉപയോഗിക്കേണ്ട ഗതികേടാണ് കേരളത്തിലെന്ന് സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ  പ്രസ്താവനയിറക്കുകയും ചെയ്‌തിരുന്നു.  2019ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കരാട് നോർത്ത് മണ്ഡലത്തിൽ ശിവസേനാ സ്ഥാനാർഥിയായിരുന്നു ധ്യാൻദേവ്. എൻസിപിയുടെ ബാലാസാഹെബ് പൻദുറങ് പാട്ടീലിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്.  കൃഷിയുമായി ബന്ധപ്പെട്ട  വ്യവസായത്തിൽ പത്തു‌ വർഷമായി  സജീവമായി ഇടപെടുന്ന കമ്പനിയാണ് വർധൻ അഗ്രോ പ്രോസസിങ് ലിമിറ്റഡ്. സത്യശീൽ ധ്യാൻദേവ് കദം, വിക്രംശീൽ ധ്യാൻദേവ് കദം, ഗീതാഞ്ജലി സത്യശീൽ കദം, സുനിത ധൈര്യശീൽ കദം, തേജസ്വിനി വിക്രംശീൽ കദം എന്നിവരാണ് കമ്പനിയുടെ മറ്റു ഡയറക്ടർമാർ.  കമ്പനിയുടെ ജാഗ്വരി പൗഡറാണ്‌ ശബരിമലയിൽ അരവണപ്പായസത്തിന് ഉപയോഗിക്കുന്നത്‌.  വിദേശരാജ്യങ്ങളിലേക്ക്‌ ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. അതുകൊണ്ടാണ് പാക്കറ്റിൽ ഹലാൽ സർട്ടിഫിക്കറ്റ് മുദ്രണം ചെയ്യുന്നത്. Read on deshabhimani.com

Related News