‘ഹലാൽ’ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?; ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതി വിമർശനം



കൊച്ചി > ഹലാൽ ശർക്കര വിവാദത്തിൽ ഹർജിക്കാരന് ഹൈക്കോടതിയുടെ വിമർശനം. എന്തറിഞ്ഞിട്ടാണ് കോടതിയിലെത്തിയതെന്നും ‘ഹലാൽ’ എന്ന വാക്കിന്റെ അർത്ഥം അറിയാമോയെന്നും കോടതി ആരാഞ്ഞു. ഹലാൽ എന്താണെന്ന് മനസിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്‌. കാര്യങ്ങൾ പരിശോധിക്കാതെയാണോ ഹർജി ഫയൽ ചെയ്യുന്നതെന്നും കോടതി ചോദിച്ചു. ഹലാൽ നൽകുന്നതിന് സർട്ടിഫിക്കേഷൻ ബോർഡുണ്ടെന്നും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പമെന്നും കോടതി ചോദിച്ചു. ശബരിമലയിൽ പ്രസാദ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കേഷനുള്ള ശർക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളി നഗർ സ്വദേശി എസ് ജെ ആർ കുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ അനിൽ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഹർജി വിശദമായി കേൾക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോപണങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ ശർക്കര വിതരണം ചെയ്‌ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേൾക്കണമെന്ന് കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേർക്കാൻ ഹർജിക്കാരനോട് കോടതി നിർദേശിച്ചു. പ്രസാദം നിർമിക്കുന്നതിന്‌ പുതിയ ശർക്കരയാണ് ഉപയോഗിക്കുന്നതെന്നും ഹർജി തീർത്ഥാടനം അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണന്നും ദേവസ്വം ബോർഡ്‌ അഭിഭാഷകൻ ജി ബിജു കോടതിയെ അറിയിച്ചു. മൃഗങ്ങളുടെ മാംസവും കൊഴുപ്പും ഒഴിവാക്കിയുള്ളതാണ് ഹലാൽ സർട്ടിഫിക്കറ്റെന്നും കാര്യങ്ങൾ മനസിലാക്കാതെയാണ് ഹർജിയെന്നും അദ്ദേഹം വ്യക്തമാക്കി. അപ്പം-അരവണ നിർമാണത്തിന് ഏറ്റവും പുതിയ ശർക്കരയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ കമീഷണർ കോടതിയെ അറിയിച്ചു. നൂറ് ശതമാനം ശുദ്ധിയുള്ളതാണ് ശർക്കര. കർശന നിലവാര പരിശോധനയ്‌ക്ക് ശേഷമാണ് ശർക്കര സന്നിധാനത്തേക്ക് അയക്കുന്നത്. നിർമാണത്തിന് ശേഷം ഗുണനിലവാരം ഉറപ്പാക്കിയാണ് വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യ സുരക്ഷാ കമീഷണർ വിശദീകരിച്ചു. ഹർജി വ്യാഴാഴ്‌ച പരിഗണിക്കാനായി മാറ്റി. Read on deshabhimani.com

Related News