ഹജ്ജ് ക്യാമ്പിന്‌ സൗകര്യമൊരുക്കി സിയാൽ ; ആദ്യവിമാനം ജൂൺ ഏഴിന്

സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് കൊച്ചി വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നു


കൊച്ചി ഈവർഷത്തെ ഹജ്ജ് തീർഥാടകർക്കായി കൊച്ചി വിമാനത്താവളത്തിൽ വിപുലമായ സൗകര്യമൊരുക്കി സിയാൽ. തിരുവനന്തപുരംമുതൽ തൃശൂർവരെയുള്ള ജില്ലകളിൽനിന്നും ലക്ഷദ്വീപിൽനിന്നുമുള്ള തീർഥാടകരാണ് ഇത്തവണ കൊച്ചിയിൽനിന്ന് തീർഥാടനത്തിന് പോകുന്നത്. ജൂൺ ഏഴിനാണ് ആദ്യവിമാനം. സിയാലിന്റെ ഏവിയേഷൻ അക്കാദമിയോട് ചേർന്നാണ് ഹജ്ജ് ക്യാമ്പ്. 1.3 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പന്തൽ, 600 പേർക്ക് ഇരിക്കാവുന്ന അസംബ്ലി ഹാളും പ്രാർഥനാ ഹാളും, 60 ടോയ്‌ലെറ്റ്‌, 40 ഷവർ മുറി, 152 പേർക്ക് ഒരേസമയം വുളു (ശുദ്ധികർമം) ചെയ്യുന്നതിനുള്ള സൗകര്യം, അലോപ്പതി–- ഹോമിയോ ആശുപത്രികൾ, ബാങ്ക് കൗണ്ടറുകൾ, എയർലൈൻ ഓഫീസ്, പാസ്‌പോർട്ട് പരിശോധനാകേന്ദ്രം, ഹജ്ജ് സെൽ ഓഫീസ്, ഹജ്ജ് കമ്മിറ്റി ഓഫീസ് എന്നിവ ക്യാമ്പിൽ സജ്ജമാക്കി. ഇതിനുപുറമേ രാജ്യാന്തര ടെർമിനലിൽ ഹാജിമാർക്കായി പ്രത്യേകം ചെക്ക് ഇൻ, എമിഗ്രേഷൻ കൗണ്ടറുകൾ, സുരക്ഷാപരിശോധനാ സൗകര്യം, സംസം ജലം സൂക്ഷിക്കാനുള്ള സൗകര്യം എന്നിവയും ഒരുക്കി. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം, ഹാജിമാർക്ക് ഏറ്റവും മികച്ച രീതിയിൽ തീർഥാടനയാത്ര നടത്താനുള്ള സൗകര്യമാണ് ഹജ്ജ് ക്യാമ്പിൽ ഒരുക്കിയിട്ടുള്ളതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ് പറഞ്ഞു. ജൂൺ ഏഴിന് തുടങ്ങുന്ന തീർഥാടനത്തിനായി എംബാർക്കേഷൻ പോയിന്റിലെ സൗകര്യങ്ങളുടെ അവസാനവട്ട വിലയിരുത്തലിനായി ഹജ്ജ് ക്യാമ്പിൽ എത്തിയതായിരുന്നു അദ്ദേഹം. ജൂൺ ഏഴുമുതൽ 21 വരെയാണ് കൊച്ചി വിമാനത്താവളത്തിൽനിന്ന് സൗദി എയർലൈൻസ് പ്രത്യേക ഹജ്ജ് സർവീസ് നടത്തുന്നത്. ലക്ഷദ്വീപിൽനിന്നുള്ള 163 തീർഥാടകർ ഉൾപ്പെടെ മൊത്തം 2407 ഹാജിമാർ ഇത്തവണ കൊച്ചി വിമാനത്താവളത്തിൽനിന്ന് തീർഥാടനത്തിന് പോകും. Read on deshabhimani.com

Related News