എച്ച്‌3 എൻ2 നേരത്തെയുള്ള പകർച്ചപ്പനി വകഭേദം: പകർച്ചപ്പനി നിരീക്ഷണം ശക്തമാക്കിയെന്ന് ആരോ​ഗ്യമന്ത്രി



തിരുവനന്തപുരം> പകർച്ചപ്പനിയുടെ ഉപവകഭേദമായ എച്ച്‌3 എൻ2 നേരത്തെയുള്ളതാണെന്നും ഇതിൽ ആശങ്ക വേണ്ടായെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്‌.  നിലവിൽ ആലപ്പുഴയിൽ രണ്ട്‌ രോഗികൾ ചികിത്സയിലുണ്ട്‌. മറ്റ്‌ സ്ഥിരീകരണമോ മരണമോ ഈ വൈറസ്‌ മൂലം ഉണ്ടായിട്ടില്ല. ഉത്തരേന്ത്യയിൽ ചില ഭാഗങ്ങളിൽ രോഗവ്യാപനം ശക്തമായതോടെ ഐസിഎംആർ അടക്കം മുൻകരുതൽ നിർദേശം നൽകിയതാണ്‌ നിലവിലെ വാർത്തകളുടെ അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു. ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെടുന്ന വൈറസാണ്‌ എച്ച്‌3 എൻ2. കനത്ത തണുപ്പിൽനിന്ന്‌ അന്തരീക്ഷ താപനില വർധിച്ചത്‌ പനി വ്യാപകമാക്കിയിട്ടുണ്ട്‌. സംസ്ഥാനത്ത്‌ ചൂട്‌ വർധിക്കുന്നതും നിർജലീകരണ സാധ്യതയും രോഗത്തില്കേക്‌ നയിച്ചേക്കാം. ചിക്കൻപോക്‌സ്, വയറിളക്ക രോഗങ്ങൾ എന്നിവയ്‌ക്കെതിരെയും ജാഗ്രത വേണമെന്ന്‌ മന്ത്രി പറഞ്ഞു. വർധിക്കുന്ന താപനില സംബന്ധിച്ച്‌ ചേർന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പനി നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകൾ ഇൻഫ്‌ളുവൻസയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടർമാർക്ക് നിർദേശം നൽകി. ഇൻഫ്‌ളുവൻസ രോഗലക്ഷണമുള്ളവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച്‌ എച്ച്‌3 എൻ2 അല്ലായെന്ന്‌ ഉറപ്പാക്കും.  വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ മുൻകൂട്ടി നിപ പ്രതിരോധ ജാഗ്രത നിർദേശം നൽകാനും മന്ത്രി നിർദേശിച്ചു.   Read on deshabhimani.com

Related News