സംസ്ഥാന ജിഎസ്ടി പുനഃസംഘടിപ്പിച്ചു ; ഇനി മൂന്ന്‌ വിഭാഗം



തിരുവനന്തപുരം സംസ്ഥാന ചരക്കുസേവന നികുതി(ജിഎസ്‌ടി)വകുപ്പിന്‌ ഇനി മൂന്ന്‌ വിഭാഗങ്ങൾ. ടാക്‌സ്‌ പേയർ സർവീസ്‌, ഓഡിറ്റ്‌, ഇന്റലിജൻസ്‌ ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ്‌ എന്നീ വിഭാഗങ്ങളായാണ്‌ പുനഃസംഘടിപ്പിച്ചത്‌. ഇതോടെ രാജ്യത്താദ്യമായി ജിഎസ്‌ടി വകുപ്പ്‌ പുനഃസംഘടിപ്പിക്കുന്ന സംസ്ഥാനമായി കേരളം. വൈദഗ്‌ധ്യത്തോടെ തൊഴിൽ ചെയ്യാനുള്ള അവസരമൊരുക്കുക, പ്രൊഫഷണലിസം വർധിപ്പിക്കുക, മികച്ച സേവനമൊരുക്കുക, ബിസിനസ്‌ എളുപ്പത്തിലാക്കുക, നികുതിവെട്ടിപ്പ്‌ തടയുക, ജോലി ലളിതമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ്‌ പുനഃസംഘടന.  നികുതിദായകർക്കുള്ള സേവന വിഭാഗമാണ്‌ ടാക്‌സ്‌ പേയർ സർവീസസ്‌. റിട്ടേൺ ഫയലിങ്‌ മോണിറ്ററിങ്‌, റിട്ടേൺ സ്ക്രൂട്ടിണി, കാരണം കാണിക്കൽ നോട്ടീസുകളുടെ തീർപ്പാക്കൽ, കുടിശ്ശിക പിരിക്കൽ, റീഫണ്ട്‌ എന്നിവയാണിതിൽ.  വകുപ്പ്‌ ആസ്ഥാനത്ത്‌ അഡീഷണൽ കമീഷണർക്കും ജോയിന്റ്‌ കമീഷണർക്കുമാണ്‌ നേതൃത്വം. ജില്ലകളിൽ ജോ. കമീഷണർമാരാകും മേധാവികൾ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ സോണൽ ജോ. കമീഷണർമാരുടെ കീഴിലായിരിക്കും ഇന്റലിജൻസ്‌ ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം. ജില്ലകളിൽ ഡെപ്യൂട്ടി കമീഷണറും ഇന്റലിജൻസ്‌ സോണുകളിൽ ഡെപ്യൂട്ടി കമീഷണറുമുണ്ടാകും.  സെൻട്രൽ രജിസ്‌ട്രേഷൻ യൂണിറ്റ്‌, ഐടി മാനേജ്‌മെന്റ്‌ സെൽ, ലീഗൽ സെൽ, സ്റ്റാറ്റിസ്റ്റിക്‌സ്‌ ആൻഡ്‌ പെർഫോമൻസ്‌ മോണിറ്ററിങ്‌ സെൽ, ടാക്‌സ്‌ റിസർച്ച്‌ ആൻഡ്‌ പോളിസി സെൽ, ഡാറ്റ അനലിറ്റിക്‌സ്‌ ഡിവിഷൻ, റിവ്യൂ സെൽ, അപ്പീൽ, ഇന്റേണൽ ഓഡിറ്റ്‌ വിഭാഗങ്ങളും നിലവിൽ വന്നു. ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. Read on deshabhimani.com

Related News