വർധിപ്പിച്ച ജിഎസ്‌ടി കൈത്തറി മേഖല തകർക്കും



കണ്ണൂർ തുണിത്തരങ്ങളുടെ ചരക്ക്‌–-സേവന നികുതി (ജിഎസ്‌ടി) 12 ശതമാനമായി വർധിപ്പിച്ചത്‌ കൈത്തറിമേഖലയെ തകർക്കും. നിലവിൽ ആയിരം രൂപവരെയുള്ള തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനമാണ്‌ നികുതി. ഇതാണ്‌ ഏഴ്‌ ശതമാനം കൂട്ടിയത്‌. ജനുവരി ഒന്നുമുതലാണ്‌ പുതിയ നിരക്ക്‌ പ്രാബല്യത്തിലാകുക. കൈത്തറി തുണിത്തരങ്ങൾക്ക്‌ ഭൂരിഭാഗത്തിനും മീറ്ററിന് 1000 രൂപയിൽ താഴെയാണ് വില. ഉൽപ്പാദിപ്പിക്കുന്ന 99 ശതമാനം തുണിത്തരങ്ങൾക്കും നികുതി വർധന ബാധകമാകും. കൂടിയ ഉൽപ്പാദനച്ചെലവും നൂൽവിലയും കാരണം മറ്റ്‌ തുണികളെ അപേക്ഷിച്ച്‌ കൈത്തറി തുണിത്തരങ്ങൾക്ക്‌ വില കൂടുതലാണ്‌. പരമ്പരാഗത രീതിയിൽ നെയ്യുന്നുവെന്നതിനാലാണ്‌ ഉൽപ്പാദനച്ചെലവ്‌ കൂടുന്നത്‌. അഞ്ചുശതമാനം നികുതിപോലും കൈത്തറിമേഖലയിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്‌. നികുതി 12 ശതമാനമാകുന്നതോടെ കൈത്തറി തുണികൾക്ക്‌ വിലക്കയറ്റമുണ്ടാകും. ഇത്‌ വിപണിസാധ്യതയെ തകർക്കുമെന്ന്‌ കണ്ണൂർ ജില്ലാ വീവേഴ്‌സ്‌ സൊസൈറ്റീസ്‌ അസോസിയേഷൻ സെക്രട്ടറി കെ വി സന്തോഷ്‌കുമാർ പറഞ്ഞു. കേരളത്തിൽ സ്‌കൂളുകൾക്കുള്ള യൂണിഫോം  ഉൽപ്പാദിപ്പിക്കുന്നതിലൂടെ കൈത്തറി സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെട്ടിരുന്നു. സംഘങ്ങളുമായുള്ള കരാറനുസരിച്ച്‌ തുണിവില സർക്കാർ നേരത്തേ നിശ്‌ചയിച്ചിട്ടുണ്ട്‌. സർക്കാരിന്‌ കൈമാറുന്ന തുണിക്ക്‌ പുതുക്കിയ ജിഎസ്‌ടി നികുതിയാണ്‌ ബാധകമാകുക. ഇത്‌ സർക്കാരിന്‌ നൽകാനുമാകില്ല. സംഘങ്ങൾക്ക്‌ വലിയ ബാധ്യതയുമാകും. പല സംഘങ്ങളുടെയും നികുതി കുടിശ്ശികയാണ്‌. 12 ശതമാനം നികുതിയാകുന്നതോടെ  കൂടുതൽ സംഘങ്ങൾ നികുതി അടയ്‌ക്കാനാകാതെ പ്രതിസന്ധിയിലാകും. Read on deshabhimani.com

Related News