സെക്രട്ടറിയറ്റ്‌ ഉദ്യോഗസ്ഥർക്കെതിരെ ഗവർണറുടെ പകപോക്കൽ



തിരുവനന്തപുരം > രാജ്‌ഭവൻ മാർച്ചിൽ പങ്കെടുത്തെന്ന്‌ ആരോപിച്ച്‌ സെക്രട്ടറിയറ്റ്‌ ജീവനക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട്‌ ഗവർണറുടെ പകപോക്കൽ. പൊതുഭരണ, ധന വകുപ്പുകളിലെ അഡീഷണൽ സെക്രട്ടറിവരെയുള്ള ഏഴുപേർക്കെതിരെ നടപടി സ്വീകരിക്കണമെന്ന്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ബിജെപി നേതാവ്‌ ഗവർണർക്ക്‌ നൽകിയ പരാതിയുടെ മറവിലാണ്‌ പ്രതികാര നടപടി. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ രാജ്‌ഭവനുമുന്നിലെ പ്രതിഷേധ കൂട്ടായ്‌മയിൽ പങ്കെടുത്തെന്ന പേരിൽ, കേരള സെക്രട്ടറിയറ്റ്‌ എംപ്ലോയീസ്‌ അസോസിയേഷൻ നേതാക്കളെ ഉൾപ്പെടുത്തി ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ്‌ നൽകിയ പട്ടികയിൽ ഉൾപ്പെടുത്തിയവർക്കെതിരെയാണ്‌ ഗവർണർ നടപടി ആവശ്യപ്പെട്ടത്‌. രാഷ്‌ട്രീയമായി സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്തെന്നാണ്‌ ഉന്നയിച്ചിട്ടുള്ള കുറ്റം. ഗവർണറെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യം മുഴക്കിയെന്നും പരാതിയിലുണ്ട്‌. ധന, പൊതുഭരണ വകുപ്പിലെ ഏഴ്‌ ഉദ്യോഗസ്ഥരുടെ പേരും സംഘടനാ ചുമതലയുമടക്കം പരാമർശിച്ചശേഷം, സെക്രട്ടറിയറ്റ്‌ സർവീസിലെ നൂറോളം ജീവനക്കാർ രാജ്‌ഭവൻ മാർച്ചിൽ പങ്കെടുത്തെന്നാണ്‌ പരാതിയിലെ ആരോപണം. ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെടില്ലെന്ന് വെള്ളിയാഴ്‌ച ഗവർണർ അവകാശപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്നാണ്‌ പറഞ്ഞത്‌. എന്നാൽ, പരാതി കൈമാറിയശേഷം നടപടി എടുത്ത്‌ റിപ്പോർട്ട്‌ ചെയ്യാൻ ചീഫ്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടു. ഗവർണർക്ക്‌ ഇഷ്ടമില്ലാത്ത സർക്കാർ വകുപ്പുകളിൽപെട്ടവരാണ്‌ നടപടി ആവശ്യപ്പെട്ട പട്ടികയിലുള്ളവർ. Read on deshabhimani.com

Related News