രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല: ഗോപാല്‍ കൃഷ്‌ണ ഗാന്ധി



ന്യൂഡൽഹി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാനുള്ള പ്രതിപക്ഷ പാർടികളുടെ ക്ഷണം ഗോപാൽകൃഷ്‌ണ ഗാന്ധി നിരസിച്ചു. രാഷ്ട്രപതി സ്ഥാനാർഥിയെ തീരുമാനിക്കാൻ പ്രതിപക്ഷ പാർടി നേതാക്കൾ ചൊവ്വാഴ്‌ച ഡൽഹിയിൽ യോഗം ചേരാനിരിക്കെയാണ്‌ ഗോപാൽകൃഷ്‌ണ ഗാന്ധിയുടെ പിന്മാറ്റം. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർഥിയാകണമെന്ന ആവശ്യം നേരത്തേ എൻസിപി അധ്യക്ഷൻ ശരദ്‌ പവാറും തള്ളിയിരുന്നു. എൻഡിഎ സ്ഥാനാർഥിയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല. രാഷ്ട്രപതി സ്ഥാനാർഥിയാകണമെന്ന്‌ പ്രതിപക്ഷത്തെ നിരവധി നേതാക്കൾ ആവശ്യപ്പെട്ടതായി ഗോപാൽകൃഷ്‌ണ ഗാന്ധി പ്രസ്‌താവനയിൽ പറഞ്ഞു. അവരോടെല്ലാം നന്ദിയുണ്ട്‌. സ്ഥാനാർഥിയാകുന്നയാൾ പ്രതിപക്ഷ ഐക്യത്തിനൊപ്പം ദേശീയ സമവായവും ഐക്യവും സൃഷ്ടിക്കുന്നയാളാകണമെന്ന്‌ ആഴത്തിൽ ചിന്തിച്ചപ്പോൾ തോന്നി. തന്നേക്കാൾ മെച്ചപ്പെട്ട നിലയിൽ ഈ ദൗത്യം ഏറ്റെടുക്കാൻ പറ്റുന്നവരുണ്ട്‌. അത്തരമൊരാൾക്ക്‌ അവസരം നൽകണം–- പ്രസ്‌താവനയിൽ പറയുന്നു. ഗോപാൽകൃഷ്‌ണ ഗാന്ധിയുടെ തീരുമാനത്തിനു പിന്നാലെ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും എൻസിപി അധ്യക്ഷൻ ശരദ്‌ പവാറും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമടക്കമുള്ള നേതാക്കൾ ഓൺലൈനായി യോഗം ചേർന്നു. സുശീൽകുമാർ ഷിണ്ഡേ, യശ്വന്ത്‌ സിൻഹ എന്നിവരടം ചില പേരുകൾകൂടി ഈ ചർച്ചയിൽ ഉയർന്നു. 17 പാർടിയുടെ പ്രതിനിധികൾ പാർലമെന്റ്‌ അനക്‌സിലെ യോഗത്തിനെത്തും. തൃണമൂലിനെ പ്രതിനിധീകരിച്ച് അഭിഷേക്‌ ബാനർജി  പങ്കെടുക്കും.   Read on deshabhimani.com

Related News