ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തു; വഴിതെറ്റി കാർ ആറ്റിൽ വീണു; 
നാലംഗ കുടുംബത്തെ നാട്ടുകാർ രക്ഷിച്ചു

കാറിൽനിന്ന് യാത്രക്കാരെ രക്ഷിക്കാൻ മുന്നിട്ടുനിന്ന രജനി. വെള്ളത്തിൽ മുങ്ങിയ കാർ ഒഴുകി പോകാതിരിക്കാൻ കെട്ടിയിട്ടിരിക്കുകയാണ്. \ ഫോട്ടോ: എ ആർ അരുൺരാജ്


കോട്ടയം പുത്തനാറിൽ വ്യാഴാഴ്‌ച രാത്രി കാർ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ കുഞ്ഞുൾപ്പെടെ നാലംഗ കുടുംബത്തെ അത്ഭുതകരമായി രക്ഷപ്പെടുത്താനായതിന്റെ ആശ്വാസത്തിലാണ്‌ നാട്ടുകാർ. അപകടത്തിന്റെ ഞെട്ടലിൽനിന്ന്‌ കുടുംബം ഇനിയും മോചിതരായിട്ടില്ല. കാർ ഡ്രൈവറുടെ സ്ഥലപരിചയക്കുറവാണ്‌ അപകടത്തിലേക്ക്‌ നയിച്ചത്‌. വ്യാഴം രാത്രി 11ന്‌  എറണാകുളത്തുനിന്ന്‌ തിരുവല്ല കുമ്പനാട്‌ വീട്ടിലേക്ക്‌ മടങ്ങിയ പുഷ്‌പഗിരി ആശുപത്രിയിലെ പതോളജി വിഭാഗം അസിസ്‌റ്റന്റ്‌ പ്രൊഫസർ കുമ്പനാട്‌ ഞാലിപ്പറമ്പിൽ ഡോ. സോണിയ(27), അമ്മ  ശോശാമ്മ മത്തായി(60), സഹോദരപുത്രൻ  കാർ ഓടിച്ച അനീഷ്‌(22), സോണിയയുടെ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്‌ എന്നിവരെയാണ്‌  നാട്ടുകാർ സാഹസികമായി രക്ഷിച്ചത്‌. ആറ്റിൽവീണ കാർ ഒഴുകി കൈവഴിയായ  തോട്ടിലൂടെ 300 മീറ്റർ ഒലിച്ചുപോയി. പിന്നാലെ നീന്തിയെത്തിയ നാട്ടുകാർ വടം ഉപയോഗിച്ച്‌ കാർ കെട്ടിനിർത്തി ഡോർതകർത്ത്‌ ഇവരെ രക്ഷിക്കുകയായിരുന്നു. ഗൂഗിൾ മാപ്പ്‌ പിന്തുടർന്നാണ്‌ അനീഷ്‌ കാർ ഓടിച്ചിരുന്നത്‌. വഴിതെറ്റി കോട്ടയം തിരുവാതുക്കലിൽ എത്തി. തുടർന്ന്‌ പാറേച്ചാൽവഴി ബൈപ്പാസിലൂടെ നാട്ടകം സിമന്റ്‌ കവലയിൽ എംസി റോഡിൽ എത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ പാറേച്ചാൽ കവലയിലെത്തിയപ്പോൾ വീണ്ടും വഴിതെറ്റി. ഇടത്തേക്ക്‌ പാലംകടന്ന്‌  മുന്നോട്ട്‌ പോകാതെ വലത്തോട്ട്‌ തിരിഞ്ഞു. ഇത്‌ പാറേച്ചാൽ ജെട്ടിയിലേക്കുള്ള റോഡായിരുന്നു. വെള്ളം നിറഞ്ഞുകിടന്ന റോഡിന്റെ  ഇരുവശത്തും കാടും വെള്ളക്കെട്ടുമായിരുന്നു. റോഡിന്റെ തുടക്കത്തിൽതന്നെ മുട്ടോളം വെള്ളമുണ്ട്‌. അപകടം തിരിച്ചറിഞ്ഞിട്ടും കാർ  വളരെ വേഗത്തിൽ വെള്ളത്തിലൂടെ ഓടിച്ച്‌ മുന്നോട്ടുപോയി. അപകടകരമായ കാറിന്റെ പാച്ചിൽകണ്ട്‌ റോഡുവക്കിലുള്ള വീട്ടുകാർ ബഹളംവച്ചെങ്കിലും കാറിലുള്ളവർ  അറിഞ്ഞില്ല. 200 മീറ്റർ അകലെയുള്ള ജെട്ടി കവലയിൽ എത്തിയ കാർ മുന്നിലുള്ള  20 അടിയിലധികം  താഴ്‌ചയുള്ള  പുത്തനാറിലേക്ക്‌ മുൻഭാഗം കുത്തി മുങ്ങുകയായിരുന്നു.   അപകടം കണ്ടുനിന്ന സമീപവാസി അലമുറയിട്ട്‌ നാട്ടുകാരെ വിളിച്ചുണർത്തിയാണ്‌ രക്ഷാപ്രവർത്തനം നടത്തിയത്‌. മരണം മുന്നിൽകണ്ട്‌ ഭയന്നുവിറച്ച കുടുംബത്തിന്‌ രണ്ടുമണിക്കൂർ സമീപവീട്ടിൽ വിശ്രമം ഒരുക്കി. നനഞ്ഞത്‌  മാറ്റാൻ വസ്‌ത്രം നൽകി. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന്‌ ഇവരെ ആശ്വസിപ്പിച്ച്‌ ബന്ധുക്കളെ വിളിച്ചുവരുത്തി വീട്ടിലേക്ക്‌ യാത്രയാക്കി. കാർ തോട്ടിൽ കെട്ടിയിട്ടിരിക്കുകയാണ്‌. Read on deshabhimani.com

Related News