സ്വപ്‌നയുടെ ശബ്‌ദരേഖ: മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്‌



തിരുവനന്തപുരം>  എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റിനെതിരായ സ്വപ്നയുടെ ശബ്‌ദരേഖയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച്‌ സ്വപ്‌നയുടെ മൊഴിയെടുക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം ജയിൽ വകുപ്പിന് കത്ത് നൽകി. അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയുടെ മൊഴി എടുക്കാൻ കോടതിയുടെ അനുമതി വേണം. ജയിൽവകുപ്പാണ് അനുമതി വാങ്ങേണ്ടത്. മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ്‌ വെട്ടിലായ ഇഡി അന്വേഷണം ആവശ്യപ്പെട്ട്‌ ജയിൽ മേധാവിക്ക്‌ കത്ത്‌ നൽകിയത്‌. ഈ കത്ത്‌ പൊലീസ്‌ മേധാവിക്ക്‌ കൈമാറുകയും അന്വേഷണത്തിന്‌ ഉത്തരവിടുകയുമായിരുന്നു. ശബ്‌ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് കോടതി മുഖേന ലാബിലേക്ക് അയക്കും. ജയിൽ ഡിഐജി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പുറത്തു‌വന്നത് തന്റെ ശബ്‌ദമാണെന്ന്‌ സ്വപ്ന സമ്മതിച്ചിരുന്നു. എന്നാൽ, ഇത് അട്ടക്കുളങ്ങര ജയിലിൽ വച്ചുള്ളതല്ലെന്നാണ്‌ നിഗമനം. എറണാകുളത്ത് വച്ച് ഇത്തരത്തിൽ പലരോടും സംസാരിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു സ്വപ്നയുടെ മൊഴി. ഹൈടക് സെല്ലിന്റെ ചുമതലയുള്ള എസ്‌പി ഇ എസ്‌ ബിജുമോന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. Read on deshabhimani.com

Related News