വഴിമുടക്കി കേന്ദ്രം; കോടതിയുടെ അടിവാങ്ങി എൻഐഎ



തിരുവനന്തപുരം> നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ തീവ്രവാദബന്ധവും അന്താരാഷ്‌ട്ര ഗൂഢാലോചനയും കണ്ടെത്താനുള്ള എൻഐഎ അന്വേഷണം വഴിമുട്ടി. സ്വർണക്കടത്തിൽ നിർണായക പങ്കുള്ളതായി അന്വേഷണ ഏജൻസി കരുതുന്ന യുഎഇ കോൺസുലേറ്റിനും വിദേശത്തുള്ള പ്രതികൾക്കുമെതിരായ അന്വേഷണം മുന്നോട്ടുപോകാത്തതാണ്‌ കാരണം. വിദേശത്തുള്ള പ്രതികളെ കണ്ടെത്താനും യുഎഇ കോൺസുലേറ്റിനെ പ്രതിചേർക്കാനുമുള്ള കേന്ദ്രാനുമതി ഇതുവരെ ലഭിച്ചിട്ടില്ല. യുഎപിഎ പ്രകാരമുള്ള കുറ്റാരോപണത്തിന്‌ തെളിവ്‌ ഹാജരാക്കാത്തതിന്‌ രണ്ടാംതവണയും എൻഐഎക്കെതിരെ കോടതി രൂക്ഷവിമർശനമുയർത്തിയത്‌‌ ഈ സാഹചര്യത്തിലാണ്‌. ഗൂഢാലോചന പൂർണമായി പുറത്തുകൊണ്ടുവരാതെ തീവ്രവാദബന്ധം കണ്ടെത്താനാകില്ല.  സ്വർണം അയച്ച ഫൈസൽ ഫരീദും റബിൻസും ഉൾപ്പെടെ ആറു പ്രതികൾ യുഎഇയിലാണ്‌‌. ഹവാലസംഘത്തിന്റെയും ഭീകരവാദപ്രസ്ഥാനങ്ങളുടെയും  കണ്ണികളായി പ്രവർത്തിച്ചത്‌ ഇവരാണെന്ന്‌ എൻഐഎ കരുതുന്നു.  ഇവരെ വിട്ടുകിട്ടാൻ കോടതിയുടെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഇന്റർപോളിന്റെ ബ്ലൂ നോട്ടീസിനും അപേക്ഷിച്ചു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിസ്സഹകരണമാണ്‌ കാരണം. സ്വർണക്കടത്ത്‌ കേസിന്റെ  അന്വേഷണ പുരോഗതിക്ക്‌ കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യേണ്ടത്‌ ഒഴിച്ചുകൂടാനാകാത്തതാണെന്നും എൻഐഎ കോടതിയിൽ കൊടുത്ത റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അതിനുള്ള അനുമതിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു. ഫൈസൽ ഫരീദ്‌ ഉൾപ്പെടെയുള്ള പ്രതികളുടെ പാസ്‌പോർട്ട്‌ റദ്ദാക്കാൻ അതിവേഗം നടപടിയെടുത്ത മന്ത്രാലയം മാസങ്ങൾക്കുശേഷവും അനുമതി നൽകിയിട്ടില്ല.   നയതന്ത്ര ബാഗേജിലല്ല സ്വർണം കടത്തിയതെന്ന കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ ആവർത്തിച്ചുള്ള പ്രസ്‌താവനയും ഇതോടുചേർത്ത്‌ കാണണം. Read on deshabhimani.com

Related News