കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി പിടിയിൽ



കരിപ്പൂർ > കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണവുമായി യുവതി കസ്‌റ്റംസ്‌ പിടിയിൽ. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ്‌ പിടിയിലായത്‌. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ  ദുബായിൽ നിന്നും എത്തിയ അസ്‌മാബീവിയെ കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥരാണ്‌ പിടികൂടിയത്‌.  സ്വർണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ  ആണ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ  വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു. ഡെപ്യൂട്ടി കമീഷണർ  ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ  ടി എസ് ബാലകൃഷ്‌ണൻ,  അനൂപ് പൊന്നാരി, ജീസ് മാത്യു, എബ്രഹാം  കോശി, ഷാജന ഖുറേഷി, വിമൽ കുമാർ, വിനോദ് കുമാർ, ഇൻസ്‌പെക്‌ടർ ധന്യ കെ പി ഹെഡ് ഹവൽദാർമാരായ അലക്‌സ്‌ ടി എ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് കള്ളക്കടത്ത്‌ പിടികൂടിയത്. Read on deshabhimani.com

Related News