ഗോഡ്‌സെയ്‌ക്ക്‌ ക്ഷേത്രം നിർമിച്ചയാൾ കോൺഗ്രസിൽ തിരിച്ചെത്തി



ന്യൂഡൽഹി > ഗാന്ധിജിയുടെ കൊലയാളിയായ ഹിന്ദുത്വ ഭീകരൻ നാഥുറാം ഗോഡ്‌സെയുടെ പേരിൽ ഗ്വാളിയറിൽ അമ്പലവും പഠനകേന്ദ്രവും സ്ഥാപിച്ച ഹിന്ദുമഹാസഭ നേതാവ്‌ ബാബുലാൽ ചൗരസ്യ കോൺഗ്രസിൽ മടങ്ങിയെത്തി. 2014ൽ കോൺഗ്രസ്‌ വിട്ട്‌ ഹിന്ദുമഹാസഭയിൽ ചേർന്ന ചൗരസ്യ 2017ലാണ്‌ ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമിച്ചത്‌. മധ്യപ്രദേശ്‌ തദ്ദേശതെരഞ്ഞെടുപ്പിനു മുന്നോടിയായി മുൻമുഖ്യമന്ത്രി കമൽനാഥാണ്‌ ഇയാളെ കോൺഗ്രസിലേ‌ക്ക്‌ സ്വീകരിച്ചത്‌. ജനിച്ചതുമുതൽ കോൺഗ്രസുകാരനായിരുന്നെന്നും സ്വന്തം കുടുംബത്തിൽ തിരിച്ചെത്തിയെന്നും ചൗരസ്യ മാധ്യമങ്ങളോട്‌ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും‌ വേണമെങ്കിൽ കോൺഗ്രസിൽ ചേരാമെന്നും തെറ്റായ മാർഗം ഉപേക്ഷിക്കാൻ ആർക്കും അവകാശമുണ്ടെന്നും കമൽനാഥ്‌ പ്രതികരിച്ചു. ഗോഡ്‌സെ ആശയങ്ങളുടെ പ്രചാരകനെ കോൺഗ്രസ്‌ സ്വീകരിച്ചതിനെക്കുറിച്ച്‌ ചോദിച്ചപ്പോൾ മധ്യപ്രദേശിൽ പല കോൺഗ്രസുകാരും ബിജെപിയിൽ ചേർന്നിട്ടില്ലേ എന്നായിരുന്നു കമൽനാഥിന്റെ പ്രതികരണം. കഴിഞ്ഞ മാസമാണ്‌ ഗോഡ്‌സെയുടെ ആശയം പ്രചരിപ്പിക്കാൻ ചൗരസ്യ പഠനകേന്ദ്രം സ്ഥാപിച്ചത്‌. അതേസമയം, ഗോഡ്‌സെയുടെ പേരിൽ ക്ഷേത്രം നിർമിച്ചത്‌ കോൺഗ്രസ്‌ ഗൂഢാലോചനയാണെന്ന്‌ തെളിഞ്ഞതായി ബിജെപി നേതാവ്‌ രജനീഷ്‌ അഗർവാൾ പ്രതികരിച്ചു. Read on deshabhimani.com

Related News