എക്‌സൈസിനെ വെട്ടിച്ച്‌ കടന്ന കഞ്ചാവ്‌ കടത്തുസംഘം പിടിയിൽ; പിടിയിലായവരിൽ കണ്ടെയ്‌നർ സാബുവും

കണ്ടെയ്‌നർ സാബു, ജിസ്‌മോൻ


വാളയാർ > വാളയാറിൽ പരിശോധന നടത്തുകയായിരുന്ന എക്‌സൈസ്‌ സംഘത്തെ വെട്ടിച്ച്‌ കടന്നവരെ പിടികൂടി. കണ്ടെയ്നർ സാബു എന്നറിയപ്പെടുന്ന എറണാകുളം -കണയന്നൂർ സ്വദേശി സാബു ജോർജ്(39), കോഴിക്കോട് സ്വദേശി റോജസ് എന്ന ജിസ്‌മോൻ (35) എന്നിവരാണ്‌ പിടിയിലായത്‌. ഇവരിൽനിന്ന്‌ ആറ്‌കിലോ കഞ്ചാവും 40,000 രൂപയും പിടിച്ചു. എക്‌സൈസ്‌ സംഘം സാഹസികമായാണ്‌ പ്രതികളെ പിടിച്ചത്‌. തിങ്കൾപകൽ വാളയാർ ടോൾ പ്ലാസയിൽ എക്‌സൈസ്‌ സംഘം  വാഹനപരിശോധന നടത്തുന്നതിനിടെയാണ്‌ കഞ്ചാവുമായി വന്ന കാർ അപകടകരമായ രീതിയിൽ വെട്ടിച്ച് നിർത്താതെ പോയത്‌. എട്ട്‌ കിലോമീറ്ററോളം അതിവേഗം സഞ്ചരിച്ച കാർ മൂന്ന് വാഹനങ്ങളെ ഇടിച്ചശേഷം കഞ്ചിക്കോട് വ്യവസായ മേഖലയിലെ കോരയാർ പുഴയുടെ തീരത്ത് ചെളിയിൽ കുടുങ്ങി. രക്ഷപ്പെടാൻ ശ്രമിച്ച സാബുവിനെ എക്‌സൈസ്‌ സംഘം പിന്തുടർന്ന് പിടികൂടിയെങ്കിലും കൂടെയുണ്ടായിരുന്ന റോജസ് പുഴയിലിറങ്ങി ഓടിരക്ഷപ്പെട്ടു. കഞ്ചിക്കോട് ഭാഗങ്ങളിൽ നടത്തിയ വ്യാപക തിരച്ചിലിൽ പാരഗൺ സ്റ്റീൽ കമ്പനിക്ക് സമീപത്ത്‌വെച്ച്‌ റോജസും പിടിയിലായി. കാറിൽനിന്ന്‌ ആന്ധ്രയിലെ പഡേരുവിൽനിന്ന്‌ കടത്തിയ മുന്തിയ ഇനം കഞ്ചാവും 40,000രൂപയുമാണ്‌ കണ്ടെത്തിയത്‌. കണ്ടെയ്നർ സാബു എറണാകുളം ജില്ലയിലെ നിരവധി ക്രിമിനൽകേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റിൽപ്പെട്ടയാളുമാണ്. റോജസിനെതിരെ ആന്ധ്രയിൽ ഉൾപ്പെടെ എട്ടോളം ക്രിമിനൽ കേസുണ്ട്. Read on deshabhimani.com

Related News