വിലക്കയറ്റം തടയാൻ കഴിഞ്ഞു; സർക്കാർ ഇടപെടൽ ഫലപ്രദമെന്ന്‌ മന്ത്രി ജി ആർ അനിൽ



തിരുവനന്തപുരം രാജ്യത്താകെ കുതിക്കുന്ന വിലക്കയറ്റം തടയാൻ കേരളത്തിൽ സർക്കാർ ഇടപെടലുകൾക്കാകുന്നതായി ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജി ആർ അനിൽ പറഞ്ഞു. കാര്യക്ഷമ വിപണി ഇടപെടലുകൾ വിലക്കയറ്റത്തിന്‌ കടിഞ്ഞാണിടുന്നുവെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയാവതരണ നോട്ടീസിന്‌ മന്ത്രി മറുപടി നൽകി. ഭക്ഷ്യഉൽപ്പാദന സംസ്ഥാനങ്ങളിലും വില കുതിക്കുന്നു. കർഷകന്‌ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനൊപ്പമാണ്‌ നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കുന്ന നടപടികൾ. 2016 മുതൽ 13 ഇനം ഭക്ഷ്യസാധനങ്ങളുടെ വില വർധിക്കാത്ത ഏക സംസ്ഥാനം കേരളമാണ്‌. സപ്ലൈകോയും കൺസ്യൂമർഫെഡ്‌ നേതൃത്വം നൽകുന്ന സഹകരണ സ്‌റ്റോറുകളും ഇതിൽ വലിയ പങ്ക്‌ വഹിക്കുന്നു. എൽഡിഎഫ്‌ സർക്കാർ ആറായിരം കോടിയിൽപ്പരം രൂപ ഭക്ഷ്യ സബ്‌സിഡിക്ക്‌ നീക്കിവച്ചു. നെല്ല്‌ സംഭരണത്തിന്‌ 1600 കോടിയോളം രൂപ വർഷം മാറ്റിവയ്‌ക്കുന്നു. ഇതിൽനിന്ന്‌ ഉൽപ്പാദിപ്പിക്കുന്ന അരി സൗജന്യമായും സൗജന്യനിരക്കിലും റേഷൻ കടകൾവഴി ലഭ്യമാക്കുന്നു. പച്ചക്കറിക്ക്‌ വില ഉയരുന്നുവെന്ന ആരോപണം ശരിയല്ല. ന്യായമായ വില ലഭിക്കുന്നില്ലെന്നാണ്‌ കർഷകരുടെ പരാതി. താങ്ങുവിലയെങ്കിലും ഉറപ്പാക്കാനാണ്‌ സർക്കാർ ശ്രമങ്ങൾ. ഇതിനിടയിൽ വിലക്കയറ്റം രൂക്ഷമെന്ന പ്രതിപക്ഷ നിലപാട്‌ ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്നതിനു തുല്യമാണെന്നും മന്ത്രി പറഞ്ഞു. പ്രമേയത്തിന്‌ അവതരണാനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭയിൽനിന്ന്‌ ഇറങ്ങിപ്പോയി. Read on deshabhimani.com

Related News