ഡിജിറ്റൽ ഇന്ത്യയെ അറിഞ്ഞ്‌ 
ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിന് തുടക്കം

ഇന്ത്യ ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് ഇന്ത്യയിലെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ പ്രതിനിധികളുമായി പങ്കുവയ്-ക്കുന്നു


കുമരകം ഇന്ത്യയുടെ ഡിജിറ്റൽ സേവന മേഖലയെ ലോകത്തിന്‌ പരിചയപ്പെടുത്തി ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. ഷെർപ്പമാരുടെ യോഗം വെള്ളിയാഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായ അനുബന്ധ യോഗങ്ങളാണ് വ്യാഴാഴ്ച കുമരകം ബാക്ക്‌വാട്ടർ റിപ്പിൾസ് റിസോർട്ടിൽ നടന്നത്. ഷെർപ്പ യോഗം ഏപ്രിൽ രണ്ട് വരെ കുമരകം കെടിഡിസി വാട്ടർ സ്കേപ്പ്സിലെ കൺവൻഷർ സെന്ററിലാണ്‌ നടക്കുക. പത്തൊമ്പത് രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്റെയും പ്രതിനിധികളെ കേരളീയ രീതിയിലാണ് കുമരകത്ത് വരവേറ്റത്. ജി20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട ഒമ്പത്‌ രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകൾ എന്നിവയിൽനിന്നുള്ള 120-ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഷെർപ്പ സമ്മേളനത്തിൽ ജി20യുടെ സാമ്പത്തിക- വികസന മുൻഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികൾ സംബന്ധിച്ചും ചർച്ചകൾ നടക്കും. പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളുടെ (ഡിപിഐ) പ്രയോഗം സംബന്ധിച്ച വിശദമായ ചർച്ചകളാണ്‌ ആദ്യദിനം നടന്നത്. ഇന്ത്യയുടെ ഡിജിറ്റൽ മുന്നേറ്റം വിശദമാക്കുന്ന എക്സ്പീരിയൻസ് സോണും ഒരുക്കിയിരുന്നു. മൈക്രോസോഫ്റ്റ്, ഗൂഗിൾ, പേടിഎം, എഡബ്ല്യുഎസ്, ടിസിഎസ്, ഫ്രാക്റ്റൽ തുടങ്ങിയവയുടെ ഡിജിറ്റൽ സംരംഭങ്ങൾ വിശദീകരിച്ചു നൽകി. ഇന്ത്യയുടെ ജി20 ഷെർപ്പ അമിതാഭ് കാന്ത്, നാസ്‌കോം പ്രസിഡന്റ്‌ ദേവ്‌യാനി ഘോഷ് എന്നിവർ ചേർന്ന്‌ എക്‌സ്‌പീരിയൻസ്‌ സോൺ ഉദ്‌ഘാടനം ചെയ്‌തു. പൊതുസേവനങ്ങൾ കാര്യക്ഷമവും വേഗത്തിലുമാക്കുന്നതിൽ ഡിപിഐയുടെ പ്രാധാന്യം സംബന്ധിച്ച്‌ അമിതാഭ്‌ കാന്ത്‌ വിശദീകരിച്ചു. എന്തുകൊണ്ട്‌ ഡിപിഐ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സ്‌പെഷ്യൽ സെഷനിൽ ഇൻഫോസിസ്‌ സഹസ്ഥാപകൻ നന്ദൻ നിലേക്കനി സംസാരിച്ചു. ഡിപിഐ ആഗോള പശ്‌ചാത്തലത്തിൽ, സമഗ്ര വികസനത്തിൽ ഡിപിഐയുടെ പങ്ക്‌ എന്നീ വിഷയങ്ങളിലും സെഷനുകൾ നടന്നു. വെള്ളിയാഴ്‌ച ഷെർപ്പ പ്ലീനറി സമ്മേളനത്തിൽ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പങ്കെടുക്കും. Read on deshabhimani.com

Related News