തെരുവുകളിൽ സമരാഗ്നി നിറച്ച്‌ കേരളത്തിന്റെ പ്രതിഷേധം



തിരുവനന്തപുരം > ഇന്ധനവില അനുദിനം വർധിപ്പിച്ച്‌ ജനജീവിതം ദുരിതപൂർണമാക്കിയ കേന്ദ്ര സർക്കാരിനെതിരെ തെരുവുകളിൽ സമരാഗ്നി നിറച്ച്‌ കേരളത്തിന്റെ താക്കീത്‌. പെട്രോൾ–-ഡീസൽ–-പാചകവാതക വിലവർധനയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ സംഘടിപ്പിച്ച അടുപ്പുകൂട്ടി സമരത്തിൽ ലക്ഷങ്ങൾ അണിനിരന്നു. പതിനായിരക്കണക്കിനു സ്‌ത്രീകൾ തെരുവിലിറങ്ങി അടുപ്പുകൂട്ടി പാചകം ചെയ്‌താണ്‌ വീടുകളുടെ പ്രതിഷേധം അറിയിച്ചത്‌. ബൂത്തു കേന്ദ്രങ്ങളിലും കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലുമാണ്‌ പരിപാടി നിശ്ചയിച്ചതെങ്കിലും അവിടെയെത്താൻ കഴിയാത്ത സ്‌ത്രീകൾ വീട്ടുമുറ്റത്ത്‌ അടുപ്പൊരുക്കി പ്രതിഷേധത്തിന്റെ ഭാഗമായി. ചെങ്കൊടികളും പ്ലക്കാർഡുകളും ബാനറുകളുമേന്തി മുദ്രാവാക്യം വിളിച്ചാണ്‌ സ്‌ത്രീകൾ  സമര കേന്ദ്രങ്ങളിലേക്ക്‌ എത്തിയത്‌. അടുപ്പുകൂട്ടി പാചകം ചെയ്‌തശേഷം പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രതിഷേധം. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും അനുദിനം വിലകൂട്ടുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയാണ്‌ സിപിഐ എം അടുപ്പുകൂട്ടി സമരത്തിന്‌ ആഹ്വാനം ചെയ്‌തത്‌. തലസ്ഥാന ജില്ലയിൽ ആയിരക്കണക്കിനു കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാറും വി ശിവൻകുട്ടിയും വിവിധ യോഗങ്ങളിൽ പങ്കെടുത്തു. Read on deshabhimani.com

Related News