ചൂടേറി, പഴവില പൊള്ളുന്നു

കോട്ടയത്തെ വഴിയോരവിപണിയിലെ പഴവില്പന


കോട്ടയം> വേനൽകടുത്തതോടെ പഴവർഗങ്ങൾക്ക്‌ വില പൊള്ളുന്നു. ചൂട്‌ കൂടി പഴങ്ങൾക്ക്‌ ആവശ്യക്കാർ ഏറിയതോടെയാണ് വില ഉയർന്നത്‌. തണ്ണിമത്തന് മാത്രമാണ് വിപണിയിൽ വിലക്കുറവുള്ളത്. കർണാടക, തമിഴ്‌നാട് തുടങ്ങിയ  സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിലെ പൊതുവിപണിയിലേക്ക് പഴങ്ങൾ എത്തുന്നത്.   തണ്ണിമത്തൻ, സീഡ്‌ലസ് മുന്തിരി തുടങ്ങി ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ് ആവശ്യക്കാർ ഏറെയും. പലപഴങ്ങളും വിപണിയിൽ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്‌. ഇറക്കുമതി ആപ്പിളുകൾ മാത്രമാണ് വിപണിയിൽ ലഭ്യം. കാശ്മീരി ആപ്പിളുടെ സീസൺ കഴിഞ്ഞെന്ന് വ്യാപാരികൾ പറയുന്നു. ആപ്പിളുകളിൽ ഇറാൻ, ന്യൂസിലൻഡ് ഗാല, പിങ്ക്‌ലേഡി എന്നിവയാണ് വിപണിയിലുള്ളത്. ആപ്പിളുകൾക്ക് കിലോക്ക് 200 മുതൽ 280 രൂപ വരെയാണ് വില. സീഡ്‌ലസ് മുന്തിരി പച്ച 130, ബ്ലാക്ക് 200, കപ്പളങ്ങ 50, കിനു ഓറഞ്ച് 110, തായ്‌ലന്റ് പേരക്ക 120, കിവി 100 (ബോക്‌സ്) എന്നിങ്ങനെയാണ് വില. വാഴപ്പഴങ്ങൾക്കും വില വർധിച്ചു. ഞാലിപ്പൂവൻ കിലോ 66 രൂപയാണ് വില. റോബസ്റ്റ 45, ഏത്തക്കായ നാടൻ 65, വരവ് 55 എന്നിങ്ങനെയാണ് വില. തണ്ണിമത്തൻ കിരൺ(കടുംപച്ച), മഞ്ഞ, ഇളം പച്ച നിറത്തി ലുള്ള വലിയ തണ്ണിമത്തൻ എന്നിവയാണ് വിപണിയിൽ എത്തുന്നത്. കിരണിന് കിലോക്ക് 30 രൂപയും ഇളംപച്ച നിറമുള്ള തണ്ണിമത്തന് 20 രൂപയുമാണ് വില. ചൂടു കൂടിയതോടെ പഴം വിപണിയിൽ വഴിയോര കച്ചവടക്കാരും സജീവമായി. ഉന്തുവണ്ടികളിലും പഴക്കച്ചവടം വ്യാപകമായി. Read on deshabhimani.com

Related News