ഇനി ഇടവഴിയിലും പാഞ്ഞെത്താം: സിറ്റി പോലീസിന് നാല് ഫ്രീഗോ സ്‌കൂട്ടര്‍ കൈമാറി

ഫ്രീഗോ സ്‌കൂട്ടറുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച ശേഷം ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അവയിലൊന്ന് ഒടിച്ചു നോക്കുന്നു.


കൊച്ചി> ക്രമസമാധാനപാലനത്തിന് ആവശ്യമുള്ളപ്പോള്‍ ചെറിയ ഇടവഴികളിലും ജനത്തിരക്കുള്ള സ്ഥലങ്ങളിലും വലിയ വാഹനങ്ങള്‍ക്ക് കടന്നു ചെല്ലാനാവാത്ത ഇടങ്ങളിലും വേഗത്തില്‍ എത്തിച്ചേരാന്‍ സഹായിക്കുന്ന നാല് ഫ്രീഗോ സ്‌കൂട്ടറുകള്‍ കൂടി എറണാകുളം സിറ്റി പോലീസിനു ലഭിച്ചു. നഗരത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന അനൗപചാരിക കൂട്ടായ്മയായ ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പും (ബികെആര്‍ജി) റോട്ടറി ക്ലബ് ഓഫ് കൊച്ചി സെന്‍ട്രലും നടപ്പാക്കിയ പദ്ധതി വഴി അസറ്റ് ഹോംസ്, ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളാണ് ഫ്രീഗോ സ്‌കൂട്ടറുകള്‍ സിറ്റി പോലീസിന് സമ്മാനിച്ചത്. റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന ചടങ്ങില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഡെപ്യൂട്ടി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശശിധരന് ഫ്രീഗോ സ്‌കൂട്ടറുകള്‍ കൈമാറി. ബികെആര്‍ജി പ്രസിഡന്റ് ആര്‍ക്കിടെക്റ്റ് എസ് ഗോപകുമാര്‍, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സെന്‍ട്രല്‍ പ്രസിഡന്റ് ജി ജയകൃഷ്ണന്‍, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി., ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ പി. ജേക്കബ്, ബികെആര്‍ജി ട്രഷറര്‍ ആര്‍ ബാലചന്ദ്രന്‍, റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്റര്‍ സെക്രട്ടറി എസ് എ എസ് നവാസ് എന്നിവര്‍ പ്രസംഗിച്ചു. നാല് ഫ്രീഗോ സ്‌കൂട്ടറുകളില്‍ മൂന്നെണ്ണം അസറ്റ് ഹോംസും ഒരെണ്ണം ഗ്ലോബല്‍ പബ്ലിക് സ്‌കൂളുമാണ് നല്‍കിയത്. ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫ്രീഗോ സ്‌കൂട്ടറുകള്‍ക്ക് മണിക്കൂറില്‍ 18 കിമീ വരെ വേഗതയില്‍ സഞ്ചരിക്കാനാവും. പരമാവധി 120 കിലോ വരെ ഭാരം വഹിക്കും. 30 ഡിഗ്രി വരെ ചെരിവുള്ള പ്രതലങ്ങളിലും ഉപയോഗിക്കാവുന്ന ഇവ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 25 കിമീ വരെ ഉപയോഗിക്കാം.   Read on deshabhimani.com

Related News