വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന ആനക്കൊമ്പുകളുമായി 4 പേർ പിടിയിൽ

വിൽപ്പനയ്‌ക്കായി കൊണ്ടുന്ന രണ്ട് ആനക്കൊമ്പുമായി ആറാട്ടുപുഴയിൽ നിന്നും പുത്തൂർ ഇളംതുരുത്തി ഫ്ലയിംഗ് സ്ക്വാഡ് സംഘം പിടികൂടിയ പ്രതികൾ


ഒല്ലൂർ>  വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുകളുമായി നാലുപേരെ പുത്തൂർ ഇളംതുരുത്തി ഫോറസ്‌റ്റ്‌ ഫ്ലയിങ് സ്ക്വാഡ് സംഘം ആറാട്ടുപുഴയിൽ നിന്ന്‌  പിടികൂടി. വടക്കാഞ്ചേരി ആലിംചിറയിൽ എ കെ ബാബു (61), കൊടകര സ്വദേശി ഉമേഷ് (46),  ചെങ്ങന്നൂർ ഉണ്ണികൃഷ്ണവിലാസം കെ മനോജ് (38), കൊല്ലം നെട്ടയം  സ്വദേശി അനിൽകുമാർ (47) എന്നിവരെയാണ്‌ പിടികൂടിയത്‌. ആറാട്ടുപുഴ മന്ദാരം കടവിന് സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം  പ്രതികൾ പിടിയിലായത്‌. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പ്രതികളെയും ആനക്കൊമ്പുകളും കാറുകളും പട്ടിക്കാട് റെയ്ഞ്ച് ഓഫീസർക്ക് കൈമാറി. ആനക്കൊമ്പ് കൊണ്ടുവന്ന് വിൽപ്പന നടത്തുന്നുവെന്ന് തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസിന്റ രഹസ്യവിവരത്തെത്തുടർന്ന് പുത്തൂർ ഫ്ലയിങ് സ്ക്വാഡ് ജില്ലയിൽ പലയിടത്തും വ്യാപക പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് നാലംഗ സംഘം ആറാട്ടുപുഴയിലെത്തിയതായി  വിവരം ലഭിച്ചത്‌. ഇവരെ പിന്തുടർന്ന്‌  നിരീക്ഷണം നടത്തിയാണ്‌  പിടിച്ചത്. സംഘം ആറാട്ടുപുഴയിൽ ആനക്കൊമ്പ് വിൽപ്പന നടത്താനുള്ള ശ്രമത്തിലായിരുന്നെന്നും ഫ്ലയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കും. അന്വേഷക സംഘത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ടി ഉദയൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശശികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ യു  പ്രഭാകരൻ, കെ ഗിരീഷ് കുമാർ, പി എസ് സന്ദീപ്, ബേസിൽ ജേക്കബ്, ഡ്രൈവർ വി പ്രദീപ് എന്നിവരുമുണ്ടായിരുന്നു.   Read on deshabhimani.com

Related News